കോട്ടയം: ആകാശപ്പാത വീണ്ടും ചർച്ചകളിൽ നിറഞ്ഞതിനു പിന്നാലെ രാഷ്ട്രീയ വാക്പോര്. പാതയുടെ നിർമാണം മുടങ്ങാൻ കാരണം സി.പി.എമ്മിന്റെ രാഷ്ട്രീയവൈരാഗ്യമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആരോപിച്ചപ്പോൾ, രാഷ്ട്രീയമായി കണ്ടിട്ടില്ലെന്ന നിലപാടുമായി സി.പി.എം രംഗത്തെത്തി.
വീഴ്ചമറക്കാൻ തിരുവഞ്ചൂർ സി.പി.എമ്മിനുമേൽ പാപഭാരം കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ പറഞ്ഞു. സി.പി.എം ജില്ല കമ്മിറ്റി ആകാശപ്പാത പൊളിക്കണമെന്ന പ്രമേയം പാസാക്കിയെന്ന് തിരുവഞ്ചൂരിന്റെ ആരോപണവും ഇവർ തള്ളി. പൊളിച്ചുമാറ്റണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. വിഷയത്തിൽ സി.പി.എം ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ല.
രാഷ്ട്രീയമായി തകർക്കാൻ ശ്രമിക്കുകയായിരുന്നെങ്കിൽ, മന്ത്രി വി.എൻ. വാസവനും മുൻ ഗതാഗതമന്ത്രി ആന്റണി രാജുവും രണ്ടുതവണ തുടർനിർമാണവുമായി ബന്ധപ്പെട്ട് ചർച്ച നടത്തുമായിരുന്നോ? പദ്ധതിക്ക് എതിരുനിൽക്കുകയോ ഇടപെടൽ നടത്തുകയോ ചെയ്തിട്ടില്ല.
സ്വയം കുഴിയിൽ ചാടിയതിന്റെ ജാള്യം മറയ്ക്കാൻ സി.പി.എമ്മിനെ പഴിചാരാനാണ് എം.എൽ.എയുടെ ശ്രമം. ഇതുവരെ ചെലവഴിച്ച പണം സർക്കാറിലേക്ക് തിരിച്ചടക്കണം.
തൃശൂരിലെ ആകാശപ്പാത സന്ദർശിക്കാൻ തിരുവഞ്ചൂർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത് കണ്ടാൽ കോട്ടയത്തേത് പൊളിച്ചുകളയണമെന്ന് തിരുവഞ്ചൂർ തന്നെ പറയും -റസൽ പറഞ്ഞു.
ആകാശപാതയുമായി ബന്ധപ്പെട്ട് സി.പി.എം മുന്നോട്ടുവെച്ച ചോദ്യങ്ങൾക്ക് വെള്ളിയാഴ്ച കോൺഗ്രസ് നേതാക്കൾ മറുപടി നൽകും. ഇതിനായി വെള്ളിയാഴ്ച ജില്ല കോൺഗ്രസ് നേതൃത്വം വാർത്തസമ്മേളനം നടത്തും.
വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ, നടപ്പാക്കാനാകില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കിയതിലൂടെ കോടതിയെപ്പോലും വിശ്വാസമില്ലെന്നാണ് സർക്കാറും സി.പി.എമ്മും വ്യക്തമാക്കുന്നതെന്ന് ഇവർ പറഞ്ഞു. ആകാശപ്പാതക്ക് സ്ഥലം ഏറ്റെടുക്കൽ അനിവാര്യമാണോയെന്നതടക്കം സി.പി.എം പത്ത് ചോദ്യങ്ങളാണ് എം.എൽ.എക്ക് മുന്നിൽ വെച്ചത്.
കോട്ടയം: നടപടിക്രമങ്ങളൊന്നും പാലിക്കാതെയുള്ള അശാസ്ത്രീയ നിർമാണമാണ് ആകാശപ്പാതക്ക് തിരിച്ചടിയായതെന്ന് സി.പി.എം ജില്ല നേതാക്കൾ. കോട്ടയം പോലൊരു ചെറിയ പട്ടണത്തിൽ ആകാശപ്പാതയുടെ മുകളിലൂടെ റോഡ് മുറിച്ചുകടക്കേണ്ട സാഹചര്യമില്ല.
സ്ഥലം ഏറ്റെടുക്കാതെയാണ് പണിയാരംഭിച്ചത്. പദ്ധതിയുടെ ഒരു തൂണ് ശാസ്ത്രി റോഡിന്റെ തുടക്കത്തിൽ ഗതാഗതതടസ്സം സൃഷ്ടിക്കുന്ന തരത്തിലാണെന്നും ഇവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സർക്കാറിന്റെയും കോടതിയുടെയും മുന്നിലുള്ള വിഷയമായതിനാൽ ഇത് പൊളിച്ചുമാറ്റണമെന്ന് സി.പി.എം ആവശ്യപ്പെടുന്നില്ല. എം.എൽ.എയാണ് ഈ വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കേണ്ടത്. നിയമവിരുദ്ധമായി കാര്യങ്ങളെല്ലാം ചെയ്തിട്ട് ഇപ്പോൾ മുഖ്യമന്ത്രി ഇടപെടണമെന്ന് പറയുന്നതിൽ എന്ത് അർഥമാണുള്ളത്.
സ്ഥലം ഏറ്റെടുക്കാതെയാണ് നിർമാണം ആരംഭിച്ചത്. ആകാശപ്പാതക്ക് എത്ര ലിഫ്റ്റ് വേണം? അത് ഓപറേറ്റ് ചെയ്യാൻ ജോലിക്കാരുണ്ടോ? ആരാണ് ശമ്പളം കൊടുക്കുക? വൈദ്യുതി ചാർജ് ആരാണ് വഹിക്കുകയെന്നതടക്കം പത്ത് ചോദ്യങ്ങളും ഇവർ മുന്നോട്ടുവെച്ചു.
പദ്ധതിക്കായി ചട്ടം ലംഘിച്ചാണ് റോഡ് സുരക്ഷാ ഫണ്ട് ചെലവഴിച്ചത്. സ്ഥലം. കോടിമതയിലെ പാലം ഇത്തരത്തിൽ തുടങ്ങിയതുകൊണ്ട് കരാറുകാരൻ ഇട്ടിട്ടുപോയി. കച്ചേരിക്കടവിലെ വാട്ടർ ഹബ് കാടുകയറിക്കിടക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എം. രാധാകൃഷ്ണൻ, അഡ്വ. റജി സക്കറിയ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കോട്ടയം: ആസൂത്രണവും ദീർഘവീക്ഷണവുമില്ലാതെ വികസനമാണ് കോട്ടയത്ത് നടക്കുന്നതെന്ന് ആകാശപ്പാതയിലൂടെ തെളിത്തിരിക്കുകയാണെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് ജി. ലിജിൻലാൽ. ചെലവഴിച്ച കോടിക്കണക്കിന് രൂപയെക്കുറിച്ചും സമഗ്ര അന്വേഷണം വേണം. പദ്ധതികളുടെ തുടക്കം മുതലുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും കണ്ടെത്താൻ വിജിലൻസ് അന്വേഷണം നടത്തണം.
ഖജനാവിന് ഉണ്ടായ നഷ്ടം എം.എൽ.എയിൽ നിന്ന് ഈടാക്കണം. കച്ചേരിക്കടവ് വാട്ടർ ഹബ്, കോടി മത രണ്ടാം പാലം, ബോട്ട് ജെട്ടി വികസനം ഇതെല്ലാം നികുതിപണം ധൂർത്തടിച്ചതിന്റെ തെളിവുകളാണ്.ഇതുമൂലം വളരെ അടിയന്തരമായി നിർവഹിക്കേണ്ട പല പദ്ധതികളും നടപ്പാക്കാതെ വരുന്നു. പദ്ധതികൾ പ്രഖ്യാപിക്കാനായി കാട്ടുന്ന അമിതതാൽപര്യം അത് സമയബന്ധിതമായി പൂർത്തിയാക്കാൻ കാണിക്കാറില്ലെന്നും ലിജിൻലാൽ കുറ്റപ്പെടുത്തി.
കോട്ടയം: ആകാശപ്പാതയുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ പറയാത്ത കാര്യങ്ങളാണ് ഗതാഗതമന്ത്രി ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഇതുസംബന്ധിച്ച ഒരു ഹരജി കോടതിയുടെ മുന്നിലുണ്ട്.
അതിലൊന്നും ഇങ്ങനെ പറഞ്ഞിട്ടില്ല. സർക്കാർ എൻജിനീയറും തൃശൂർ എൻജിനീയറിങ് കോളജും പാലക്കാട് എൻ.ഐ.ടിയും ആകാശപ്പാതക്ക് അനുകൂലമായിട്ടാണ് റിപ്പോർട്ട് നൽകിയത്. സ്ഥലമേറ്റെടുക്കണമെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്.
സ്ഥലമേറ്റെടുക്കേണ്ട കാര്യമില്ല. ഒരുവശത്ത് സ്ഥലം കൊടുക്കാമെന്ന് കോട്ടയം മുനിസിപ്പൽ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. മറുഭാഗത്ത് ഫുട്പാത്തിലാണ് ആകാശപ്പാത ലാൻഡ് ചെയ്യുന്നത്.
ആകാശപ്പാതയും സ്ഥലവുമൊന്നും കാണാതെയാണ് മന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞതെന്നാണ് എന്റെ അനുമാനം. അദ്ദേഹം വന്നിരുന്നെങ്കിൽ എനിക്കു ബോധ്യപ്പെടുത്താൻ കഴിയുമായിരുന്നു. തടസ്സവാദങ്ങൾ ഉന്നയിക്കാതെ നിർമാണം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണം.
മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്ത് കൊടുത്തിട്ടുണ്ട്. കോടതിയിലും കേസുണ്ട്. നിയമപരമായി ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
കോട്ടയം: 2015 ഡിസംബർ 22നാണ് ആകാശപ്പാതയുടെ നിർമാണം ആരംഭിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ തുടക്കമിട്ട പദ്ധതിക്കായി 5.18 കോടിയാണ് അന്നത്തെ യു.ഡി.എഫ് സർക്കാർ അനുവദിച്ചത്. എന്നാൽ, സാങ്കേതിക-രാഷ്ട്രീയ കാരണങ്ങളാൽ പാതിവഴിയിൽ നിർമാണം നിലച്ചു.
വിവാദം കൊഴുക്കുന്നതിനിടെ വിഷയം ഹൈകോടതിയിലുമെത്തി. പാതയുടെ ഉറപ്പ് പരിശോധിക്കാൻ കോടതി ഉത്തരവിട്ടു. പാത പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിലെത്തിയ പൊതുതാൽപര്യ ഹരജിയെത്തുടർന്നായിരുന്നു ഉത്തരവ്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ ബലപരിശോധന നടത്തി. പാലക്കാട് ഐ.ഐ.ടി, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് കീഴിൽ ചെന്നൈയിലുള്ള സ്ട്രക്ചറൽ എൻജിനീയറിങ് റിസർച് സെന്റർ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന അവലോകനയോഗത്തിനുശേഷം സംഘം റിപ്പോർട്ട് ഹൈകോടതിയിൽ നൽകുകയായിരുന്നു. കാര്യമായ ബലക്ഷയം കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, തുടർനിർമാണം നടത്താൻ കൂടുതൽ ബലപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണനയിലിരിക്കെയാണ് വീണ്ടും വിഷയം സജീവ ചർച്ചയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.