കോട്ടയം: കേരളത്തിലെ ആദ്യ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച കലക്ടറേറ്റായി കോട്ടയം. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ മന്ത്രി അഡ്വ. കെ. രാജൻ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം നിർവഹിച്ചു. പൊതുജനങ്ങൾക്ക് മികവാർന്ന സേവനവും സൗകര്യങ്ങളും ഒരുക്കിയാണ് സേവനപ്രദാന ഗുണമേന്മയുടെ രാജ്യാന്തര നിലവാരസൂചകമായ ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കേഷൻ കലക്ടറുടെ കാര്യാലയം സ്വന്തമാക്കിയത്.
നവീകരിച്ച ഓഫിസ് മന്ത്രി നാടിന് സമർപ്പിച്ചു. കലക്ടറേറ്റിലെ ഓഫിസുകൾ എവിടെയൊക്കെയെന്ന് മൊബൈൽ ഫോണിലൂടെ വേഗത്തിൽ അറിയുന്നതിനായി നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ തയാറാക്കിയ ഓഫിസ് ഫൈൻഡർ ആപ്ലിക്കേഷന്റെ പ്രകാശനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലോഗോ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പ്രകാശനം ചെയ്തു. ആധുനികനിലവാരത്തിൽ നവീകരിച്ച ഓഫിസുകളും റെക്കോഡ് മുറിയും മന്ത്രിമാർ സന്ദർശിച്ചു.
പൊതുജനങ്ങൾക്കായി ഫ്രണ്ട് ഓഫിസ് സംവിധാനം, ഇരിപ്പിടങ്ങൾ, കുടിവെള്ളം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. സമയബന്ധിതമായി അപേക്ഷകളും പരാതികളും തീർപ്പാക്കൽ, ഓഫിസിൽ എത്തുന്ന പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കൽ, റെക്കോഡുകളുടെ ആധുനിക രീതിയിലുള്ള ഡിജിറ്റൽ പരിപാലനം, ജീവനക്കാരുടെ വിവരങ്ങളും ദൈനംദിന ഹാജരും പ്രദർശിപ്പിക്കൽ, ജീവനക്കാർക്കുള്ള തുടർച്ചയായ പരിശീലനങ്ങൾ തുടങ്ങി പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിലെ മികവ് പരിശോധിച്ചാണ് ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ ഗുണമേന്മ സർട്ടിഫിക്കേഷൻ ലഭിച്ചത്.
കലക്ടർ ഡോ. പി.കെ. ജയശ്രീ, ഓയിൽപാം ഇന്ത്യ ലിമിറ്റഡ് മുൻ ചെയർമാൻ അഡ്വ. വി.ബി. ബിനു, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് റെജി പി. ജോസഫ്, ജില്ല ഇൻഫർമാറ്റിക്സ് ഓഫിസർ ബീന സിറിൾ പൊടിപാറ, പാലാ ആർ.ഡി.ഒ. പി.ജി. രാജേന്ദ്രബാബു, ഫിനാൻസ് ഓഫിസർ എസ്.ആർ. അനിൽകുമാർ, ഡെപ്യൂട്ടി കലക്ടർമാരായ കെ.എ. മുഹമ്മദ് ഷാഫി, സോളി ആന്റണി, ജിയോ ടി. മനോജ്, ഫ്രാൻസിസ് ബി. സാവിയോ, അഡീഷനൽ ജില്ല ഇൻഫർമാറ്റിക്സ് ഓഫിസർ റോയി ജോസഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.