കോട്ടയം: വർഗീയ ധ്രുവീകരണത്തിനാണ് സി.പി.എം ശ്രമമെന്നും ഖുർആൻ ഉയർത്തിക്കാട്ടി സംസ്ഥാനത്ത് വർഗീയത പടർത്താനാണ് നീക്കമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മന്ത്രി കെ.ടി. ജലീലിനെതിരായ യുവജന-വിദ്യാർഥി പ്രക്ഷോഭത്തെ നേരിടാൻ സി.പി.എം അനുകൂലികളായ പൊലീസുകാരെ പ്രത്യേകം നിയോഗിക്കുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സമരക്കാരുടെ തലക്ക് അടിക്കാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്. നിബന്ധനകൾ കാറ്റിൽ പറത്തിയാണ് ജലപീരങ്കി പ്രയോഗിക്കുന്നത്. കൊടിയ മർദനത്തിലൂടെ പ്രതിഷേധ സമരങ്ങൾ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കൊടിയ മർദനം നടത്തിയ ഒരു സർക്കാറും നിലനിന്നിട്ടില്ലെന്ന കാര്യം പിണറായി മറക്കരുത്. തിരിച്ചറിയാനാവാത്ത വിധത്തിലുള്ള വേഷവിധാനങ്ങളോടെയാണ് പൊലീസ് പ്രതിഷേധ സമരങ്ങളെ നേരിടുന്നത്. പൊലീസിലെ ഒരുവിഭാഗം ക്രിമിനലുകളാണെന്ന് കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ തെളിയിക്കുന്നുണ്ട്. നിയമവിരുദ്ധമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം.
ജനങ്ങളെ ഇറക്കി ജലീലിനെ സഹായിക്കുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. ഇത് സമാധാന ജീവിതം തകർക്കാനുള്ള നീക്കമാണ്. മാധ്യമപ്രവർത്തനത്തിെൻറ കടിഞ്ഞാൺ പൊലീസിനെ ഏൽപിക്കാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.