കോട്ടയം: അന്താരാഷ്ട്ര-ആഭ്യന്തര വിപണികളിൽ റബർക്ഷാമം തുടരുമ്പോഴും വില ഇടിച്ച് വ്യാപാരികൾ. ഉയർന്ന വില നൽകി റബർ ഷീറ്റ് വാങ്ങാൻ ടയർ കമ്പനികൾ തയാറാകുമ്പോഴും കൃഷിക്കാരന് കിട്ടുന്നത് കുറഞ്ഞവില. കഴിഞ്ഞദിവസങ്ങളിൽ ഒരു കിലോ റബർ 212 രൂപക്കുവരെ ടയർ കമ്പനികൾ വാങ്ങിയെങ്കിലും കർഷകർക്ക് വ്യാപാരികൾ നൽകിയത് 203രൂപ മാത്രമാണെന്ന് കർഷകസംഘടനകൾ പറയുന്നു. ചരക്കുക്ഷാമവും ആവശ്യകതയുമുള്ളതിനാൽ ഉയർന്ന വില നൽകിയും റബർ വാങ്ങാൻ കമ്പനികൾ തയാറാകുമ്പോഴാണ് ഇടനിലക്കാരുടെ ചൂഷണം. വിപണിയിലെ ചലനം മനസ്സിലാക്കി വ്യാപാരി വില നിശ്ചയിക്കാൻ റബർ ബോർഡ് തയാറാകണമെന്നും ആവശ്യമുയരുന്നുണ്ട്. അന്താരാഷ്ട്രവില താഴ്ന്ന നിലയിലാണെങ്കിലും ഇറക്കുമതി നടക്കാത്തതിനാലാണ് കമ്പനികൾ ആഭ്യന്തരവിപണിയിൽനിന്ന് ഉയർന്ന നിരക്കിൽ റബർ എടുക്കാൻ തയാറാകുന്നത്. മഴ മൂലം ഉൽപാദനം കുറഞ്ഞതും വില ഉയരാൻ കാരണമായി. ബാങ്കോക്കിൽ ആർ.എസ്.എസ്. നാലിന് 177.25 രൂപയാണ്.
കോട്ടയത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 32 രൂപയുടെ കുറവുണ്ടെങ്കിലും ഇറക്കുമതി നടത്താൻ കമ്പനികൾക്ക് കഴിയുന്നില്ല. കപ്പൽ, കണ്ടെയ്നർ ക്ഷാമമാണ് ഇറക്കുമതിക്ക് തടസ്സമാകുന്നത്. പ്രധാന കമ്പനികളെല്ലാം ചരക്ക് ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും കണ്ടെയ്നർ ലഭിക്കുന്നില്ല. കണ്ടെയ്നർ ക്ഷാമംമൂലം ഇറക്കുമതി നടത്താൻ കഴിയാത്ത അവസ്ഥ, കൃഷിക്കാരന് ഗുണകരമാകേണ്ടതാണെങ്കിലും വ്യാപാരികളുടെ നിലപാട് തിരിച്ചടിയാകുകയാണെന്ന് കർഷകസംഘടന നേതാവ് സുരേഷ് കോശി പറഞ്ഞു. ഒരുവിഭാഗം വ്യാപാരികളും കമ്പനികളും ചേർന്നുള്ള ഒത്തുകളിയാണ് കൃഷിക്കാരന് ന്യായവില തടയുന്നത്. നിലവിലെ സാഹചര്യത്തിൽ കിലോ റബറിന് 250 രൂപയെങ്കിലും ലഭിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.