കോട്ടയം: ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും കിടപ്പാടം നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് സി.പി.എം ജില്ല കമ്മിറ്റി വീട് നിർമിച്ചുനൽകും. പാർട്ടിയുടെ ജില്ലയിലെ എല്ലാ ഘടകങ്ങളും ബഹുജന സംഘടനകളും ചേർന്നാണ് ഇതിനുള്ള പണം കണ്ടെത്തുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ, സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഏഴുമുതൽ എട്ടുലക്ഷം രൂപവരെ മുടക്കുമുതലുള്ള വീടുകളാണ് നിർമിക്കുന്നത്. ദുരന്തസ്ഥലത്തിനുപുറത്ത് സ്ഥലം കെണ്ടത്തി വീടുകൾ നിർമിച്ചുനൽകാനാണ് തീരുമാനം.
വീട് നഷ്ടപ്പെട്ട പലർക്കും കൈവശരേഖ പോലുമുണ്ടായിരുന്നില്ല. ഇവർക്ക് പുതിയ സ്ഥലത്ത് വീട് നിർമിച്ചുനൽകാനാണ് ആലോചിക്കുന്നത്. ഇത്തരക്കാർക്കും മുൻഗണന. ഏറ്റവും വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണ് ആലോചന. സൗജന്യമായി സ്ഥലം ലഭിക്കുമോയെന്ന് അന്വേഷിക്കും. ഇല്ലെങ്കിൽ പണം കൊടുത്ത് സ്ഥലം വാങ്ങിയശേഷം വീട് നിർമിക്കും. അടുത്തഘട്ടത്തിൽ ഇക്കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനമാകുമെന്നും ഇവർ പറഞ്ഞു.
സർവതും നഷ്ടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച പാക്കേജിന് പുറമേയാണ് സി.പി.എം വീടുകൾ നിർമിച്ചുനൽകുന്നത്. ദുരന്തത്തിൽ മുന്നൂറോളം വീടുകൾ പൂർണമായും അഞ്ഞൂറിൽപ്പരം വീടുകൾ ഭാഗികമായും തകർന്നു. ജീവനോപാധികളും വീട്ടുപകരണങ്ങളുമടക്കം വിലമതിക്കാനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.