കോട്ടയം: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രാമപുരം സ്വദേശിനിയായ മധ്യവയസ്കയുടെ വളകൾ അറുത്തെടുത്ത് രക്ഷപ്പെട്ട സംഘത്തിലെ കൂട്ടു പ്രതികൾക്കായി പൊലീസ് തമിഴ്നാട്ടിലെ ഗ്രാമത്തില്‍ വ്യാപക പരിശോധന നടത്തി. കാമാക്ഷിപുരം ഗ്രാമത്തിലാണ് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ മുപ്പതോളം ഉദ്യോഗസ്ഥർ മൂന്നു വാഹനങ്ങളിലായി പരിശോധന നടത്തിയത്.
രണ്ടുദിവസം രാത്രിയും പകലുമായി നടന്ന പരിശോധനയില്‍ മോഷണത്തിനുപയോഗിച്ച ആയുധങ്ങളും യാത്ര ചെയ്യാൻ ഉപയോഗിച്ച ബൈക്കും മോഷ്ടിച്ചുവിറ്റ സ്വർണവും കണ്ടെടുത്തു. മോഷണസംഘത്തിൽ ഉണ്ടായിരുന്ന മറ്റു മൂന്നുപേരുടെ ഫോട്ടോകൾ ഇവരുടെ വീടുകളിൽനിന്ന് കണ്ടെടുത്തു. കേരളത്തിൽ വിവിധ ജോലികൾ ഏർപ്പെട്ടുവരുന്ന ആളുകളും മോഷണ സംഘത്തിന്റെ ഭാഗമാകാൻ സാധ്യത ഉള്ളവരും ആയവരുടെ വീടുകളിലും തിരച്ചിൽ നടത്തി. കേരളത്തിലേക്ക് ജോലിക്കും മറ്റുമായി വന്ന ആളുകളുടെ വിവരങ്ങളും ശേഖരിച്ചു.
ഏപ്രിൽ 28ന് പുലർച്ച നാലുമണിയോടെയായിരുന്നു രാമപുരത്തെ കവർച്ച. രാമപുരം പുതുവേലി ചോരക്കുഴി ഭാഗത്തുള്ള വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടും അടുക്കളവാതിലും കുത്തിത്തുറന്ന് അകത്തു കയറി ഉറങ്ങിക്കിടന്ന മധ്യവയസ്കയുടെ കൈയിലെ രണ്ട് സ്വർണ വളകൾ വയർ കട്ടർ ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. ശാസ്ത്രീയ അന്വേഷണത്തില്‍ രാമപുരം, പാലാ, ചങ്ങനാശ്ശേരി, പൊൻകുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങി കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും സംസ്ഥാനത്തിന്റെ മറ്റു പല പ്രദേശങ്ങളിലും മോഷണം നടത്തുന്ന സന്തോഷ്, വേലൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പിന്നിലെന്ന് കണ്ടെത്തി.
ഇവരെ തമിഴ്നാട്ടിലെ തേനിയില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് കോടതി റിമാൻഡ് ചെയ്ത ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മോഷണസംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ കാമാക്ഷിപുരത്തുള്ളവരാണെന്ന് കണ്ടെത്തിയത്. കേരളത്തിൽ ജോലി ചെയ്തു വരുന്ന സമയങ്ങളിൽ മോഷണം നടത്തുന്നതിന് അനുയോജ്യമായ വീടുകൾ പകൽ സമയം കണ്ടെത്തി കാമാക്ഷിപുരത്തു നിന്ന് കൂടുതൽ ആളുകളെ വിളിച്ചുവരുത്തി രാത്രി വീടുകളുടെ വാതിലുകൾ പൊളിച്ച് മോഷണം ചെയ്യുന്നതാണ് ഈ സംഘങ്ങളുടെ രീതി. പാലാ ഡി.വൈ.എസ്.പി. കെ. സദൻ, എസ്.എച്ച്.ഒ മാരായ ജോബിന് ആന്റണി, ബി. ഉണ്ണികൃഷ്ണന് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.