കോട്ടയം: റെയിൽവേ സ്റ്റേഷൻ - ഗുഡ്ഷെഡ് റോഡ് അടക്കാനുള്ള റെയിൽവേ അധികൃതരുടെ തീരുമാനം പിൻവലിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽകണ്ട് തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടു. കൂടാതെ റെയിൽവേ സ്റ്റേഷൻ - മദർ തെരേസ റോഡ് ശബരിമല തീർഥാടനകാലത്തിന് മുമ്പ് അടിയന്തരമായി പുനർനിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച കത്ത് റെയിൽവേ ബോർഡ് ചെയർപേഴ്സനും നൽകി.
റെയിൽവേ യാർഡിനും മീനച്ചിലാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശത്തെ ജനങ്ങൾ കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ആശ്രയിച്ചുവരുന്ന റെയിൽവേ ഗുഡ്ഷെഡ് റോഡ് അടച്ചാൽ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുമെന്ന് എം.പി അറിയിച്ചു. നിലവിൽ ഗുഡ് ഷെഡ് റോഡിൽ നിന്നും ഒമ്പത് വഴികൾ ആരംഭിക്കുന്നുണ്ടെന്നും വിവിധ സർക്കാർ ഓഫിസുകൾ, ഗോഡൗണുകൾ, ഐ.ടി.ഐ, വികാസ് വിദ്യാലയം, ആരാധനാലയങ്ങൾ, ഹോസ്റ്റലുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ റോഡിൽ സ്ഥിതിചെയ്യുന്നുണ്ടെന്നും നാഗമ്പടത്തിനും കഞ്ഞിക്കുഴിക്കും ഇടയിലുള്ള ഒരു ലിങ്ക് റോഡായി റോഡ് പ്രയോജനപ്പെടുന്നുണ്ടെന്നും എം.പി ബോധ്യപ്പെടുത്തി.
കോട്ടയം റെയിൽവേ സ്റ്റേഷനിലെ പ്രധാനകവാടത്തിലെ തിരക്ക് കുറക്കുന്നതിനായി നിർമാണം പൂർത്തിയായിവരുന്ന രണ്ടാം പ്രവേശനകവാടം, പുതിയ പാർക്കിങ് ഏരിയ എന്നിവടങ്ങളിലേക്കുള്ള വഴി ഗുഡ്ഷെഡ് റോഡിൽ നിന്നാണെന്നും ഈ വഴിയിൽ വാഹനഗതാഗതം നിരോധിക്കുകയോ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യുന്നത് രണ്ടാം കവാടത്തിന്റെ പ്രസക്തി ഇല്ലാതാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. നിയന്ത്രണങ്ങളില്ലാതെ പൊതുജനങ്ങൾക്ക് വഴി ഉപയോഗിക്കുന്നതിനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും മന്ത്രിയോട് എം.പി ആവശ്യപ്പെട്ടു.
പാത ഇരട്ടിപ്പിക്കൽ സമയത്ത് മണ്ണിടിച്ചിൽമൂലം തകർന്ന റെയിൽവേ സ്റ്റേഷനെയും മദർ തെരേസ റോഡിലെ റബർ ബോർഡ് ജങ്ഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് അടിയന്തരമായി പുനർനിർമിക്കുന്നതിന് നിർദേശം നൽകണമെന്നും ജില്ലയുടെ കിഴക്ക് ഭാഗത്തുനിന്നും വരുന്ന യാത്രക്കാർക്കും പ്രദേശവാസികൾക്കും റോഡ് പ്രയോജനപ്പെടുമെന്നും ശബരിമല തീർഥാടന കാലത്ത് കെ.എസ്.ആർ.ടി.സി ബസുകളുടെയും മറ്റ് വാഹനങ്ങളുടെയും സുഗമമായ സഞ്ചാരത്തിന് റോഡ് അനിവാര്യമാണെന്നും എം.പി അറിയിച്ചു. അടുത്ത ശബരിമല തീർഥാടനകാലം ആരംഭിക്കുന്നതിന് മുമ്പ് റോഡിന്റെ നിർമാണം പൂർത്തിയാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.