കോട്ടയം: ജില്ലയിൽ 40 ശതമാനം വീടുകളിലും കുടിവെള്ള കണക്ഷൻ നൽകാനായെന്നും ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയിലൂടെ 17.23 ശതമാനം പേർക്ക് കണക്ഷൻ നൽകിയെന്നും മന്ത്രി റോഷി അഗസ്റ്റിൻ. കലക്ടറേറ്റിൽ നടന്ന ജലജീവൻ മിഷൻ പദ്ധതി ജില്ലതല അവലോകനയോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലയിൽ 4,82,878 വീടുകളാണുള്ളത്. ഇതിൽ 1,93,163 പേർക്ക് നൽകി. ജലജീവൻ മിഷൻ പദ്ധതി തുടങ്ങിയശേഷം 83,219 കുടിവെള്ള കണക്ഷനുകൾ നൽകി. 2,89,715 കണക്ഷനുകളാണ് ഇനി നൽകാനുള്ളത്. 2024ൽ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ ഒമ്പത് നിയോജകമണ്ഡലങ്ങളിലെയും മുഴുവൻ ഗ്രാമീണവീടുകൾക്കും കണക്ഷൻ നൽകാൻ ഭരണാനുമതി നൽകിയിട്ടുണ്ട്. ജില്ലയിലെ മുഴുവൻ വീടുകൾക്കും ശുദ്ധീകരിച്ച കുടിവെള്ളം ടാപ്പുകളിലൂടെ നൽകാൻ 3860.34 കോടിയുടെ ഭരണാനുമതിയാണ് നൽകിയിട്ടുള്ളത്. ജില്ലയിൽ വൈക്കം നിയോജകമണ്ഡലത്തിൽ 89.5 ശതമാനം വീടുകളിലും കണക്ഷൻ എത്തിച്ചുകഴിഞ്ഞു. 2023 മേയിൽ വൈക്കം നിയോജകമണ്ഡലത്തിൽ പദ്ധതി പൂർത്തീകരിക്കും.
പ്രധാന വെല്ലുവിളി ഭൂമി കണ്ടെത്തൽ
പദ്ധതിയുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രധാന വെല്ലുവിളി ജലശുദ്ധീകരണശാലയും ടാങ്കുകളും സ്ഥാപിക്കാൻ ആവശ്യമായ ഭൂമി കണ്ടെത്തുകയാണ്. സർക്കാറിന്റെ കീഴിലെ ഭൂമി വിട്ടുനൽകാൻ ഉത്തരവ് നൽകിയിട്ടുണ്ട്. സ്വകാര്യഭൂമി ബഹുജന പങ്കാളിത്തത്തോടെയും ജനപ്രതിനിധികളുടെ ഇടപെടലിലൂടെയും ഏറ്റെടുത്തു നൽകണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി. പദ്ധതിയുടെ നടത്തിപ്പിന് ദേശീയപാത അതോറിറ്റി, വനംവകുപ്പ്, റെയിൽവേ, പൊതുമരാമത്ത് വകുപ്പ് തുടങ്ങി വിവിധ ഏജൻസികളുടെ അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ വിവിധ തലത്തിലെ നിരീക്ഷണസംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പൂഞ്ഞാർ, പാലാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന മേഖലകൾക്കായി മലങ്കരയിൽനിന്നുള്ള വെള്ളം ഉൾക്കൊള്ളിച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് 1224 കോടി ചെലവ് വരും. ഭാവിയിലേക്കായി മീനച്ചിൽ റിവർ വാലി പദ്ധതിയും നടപ്പാണമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എമാരുടെ നേതൃത്വത്തിൽ ഡിസംബർ 30നകം യോഗം ചേർന്ന് വിവരങ്ങൾ മന്ത്രിക്ക് കൈമാറണം. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ സി.കെ. ആശ, മാണി സി.കാപ്പൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, കലക്ടർ ഡോ. പി.കെ. ജയശ്രീ, സബ് കലക്ടർ സഫ്ന നസറുദീൻ, മന്ത്രി വി.എൻ. വാസവന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി.കെ. പത്മകുമാർ, ജല അതോറിറ്റി ചീഫ് എൻജിനീയർ പ്രകാശ് ഇടിക്കുള, സൂപ്രണ്ടിങ് എൻജിനീയർ മുഹമ്മദ് സിദ്ദീഖ്, ജലഅതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ വി.എം. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.