കോട്ടയം: തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമപ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള നടപടികൾ ഇഴയുന്നു. ഇതോടെ ഇരുപഞ്ചായത്തുകളിലെയും വലിയൊരുവിഭാഗം ജനങ്ങൾ കുടിവെള്ളം വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയിലാണ്. മഴക്കാലത്തും സ്ഥിതിക്ക് മാറ്റമില്ലെന്ന് നാട്ടുകാർ പറയുന്നു.
ജല അതോറിറ്റിയുടെ കുടിവെള്ള പമ്പിങിലെ പോരായ്മകളാണ് പ്രതിസന്ധിക്ക് കാരണം. തിരുവാർപ്പ്, കുമരകം പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി 10 ദശലക്ഷം ലിറ്ററിന്റെ ട്രീറ്റ്മെന്റ് പ്ലാന്റ് ചെങ്ങളം കുന്നംപുറത്ത് സ്ഥാപിച്ചിരുന്നു. എന്നാൽ, ഇതിന്റെ ശേഷി 15 ദശലക്ഷം ലിറ്ററായി ഉയർത്തിയാൽ മാത്രമേ കുടിവെളള തടസ്സത്തിന് പൂർണ പരിഹാരം കാണാൻ സാധിക്കൂവെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
നിലവിൽ തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലായി ഏകദേശം 14000 ഓളം കണക്ഷനുകളാണ് ജല അതോറിറ്റിക്കുളളത്. വെള്ളൂപ്പറമ്പ്, താഴത്തങ്ങാടി പമ്പ് ഹൗസുകളിൽ നിന്നാണ് ചെങ്ങളം കുന്നംപുറത്തെ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് വെള്ളം എത്തിക്കുന്നത്. ഇത് ശുദ്ധീകരിച്ചശേഷം പൈപ്പുകളിലൂടെ വിതരണം ചെയ്യും. വെള്ളൂപറമ്പിലോ, താഴത്തങ്ങാടിയിലോ ഒരു മണിക്കൂറെങ്കിലും വൈദ്യുതി തടസ്സം നേരിട്ടാൽ നിലവിലെ ജലവിതരണത്തിനും തടസ്സം നേരിടും. ഇതോടെ പല ഭാഗങ്ങളിലും വെള്ളം മുടങ്ങും. ഇതിനൊപ്പമാണ് പെപ്പിങ് പൈപ്പുകളുടെ പോരായ്മ.
90 എച്ച്.പിയുടെ ഒരു മോട്ടോർ 24 മണിക്കൂറും വെള്ളൂപറമ്പിൽ നിന്ന് പൈപ്പ് വഴി കുന്നംപുറത്തെ പ്ലാന്റിലേക്ക് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. എന്നാൽ, ഈ പൈപ്പ് താഴത്തങ്ങാടി ഇളംകാവ് പാലത്തിന് സമീപം താഴത്തങ്ങാടി പമ്പ് ഹൗസിൽ നിന്ന് വരുന്ന പൈപ്പുമായി സംയോജിച്ച് ഒറ്റ പൈപ്പായാണ് ചെങ്ങളം ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് വെളളം എത്തുന്നത്. വെള്ളൂപറമ്പിൽ വൈദ്യുതിയില്ലാതെ വരുന്ന സമയങ്ങളിൽ താഴത്തങ്ങാടിയിൽ നിന്ന് ചെങ്ങളത്തേക്ക് പമ്പ് ചെയ്യുന്ന ജലം പൂർണമായും കുന്നുംപുറത്തെ പ്ലാന്റിൽ എത്താതെ ഈ ലൈനിലൂടെ വെളളൂപറമ്പ് ലൈനിലേക്ക് പോകുന്നു. ഇതും തിരുവാർപ്പ്, കുമരകം ജലവിതരണത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഇതിന് പരിഹാരം കാണാൻ താഴത്തങ്ങാടിയിൽ നിന്ന് പ്രത്യേകം പൈപ്പ് ചെങ്ങളം പ്ലാന്റ് വരെ സ്ഥാപിക്കണമെന്നാണ്നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.