കോട്ടയം: തെരഞ്ഞെടുപ്പിൽ താൽക്കാലിക തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിനും പുതുമ. പ്ലാസ്റ്റിക് പൂർണമായും ഉപേക്ഷിച്ച് ഓല, മുള എന്നിവ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് ബൂത്ത് ഒരുക്കിയത്. കോട്ടയം പനച്ചിക്കാട് പഞ്ചായത്തിലാണ് പ്രകൃതി സൗഹൃദവസ്തുക്കൾ മാത്രം ഉപയോഗിച്ച് ബൂത്ത് സജ്ജീകരിച്ചത്.
ഹരിത കേരള മിഷനാണ് ഇത്തരം ആശയവുമായി രംഗത്ത് എത്തിയത്. 6000 ടൺ മാലിന്യമാണ് കേരളത്തിൽ തെരെഞ്ഞടുപ്പ് സാമഗ്രികൾ മൂലം ഉണ്ടാകുന്നതെന്നും ഇത് ഒഴിവാക്കാനാണ് പ്രകൃതിയോടിണങ്ങിയുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളെന്ന ആശയം മുന്നോട്ടുവെച്ചതെന്ന് ഹരിത കേരളം മിഷൻ കോട്ടയം ജില്ല കോഓഡിനേറ്റർ പി. രമേശ് പറഞ്ഞു. വോട്ടെടുപ്പ് ദിനം ബൂത്തുകളുടെ സമീപം മുന്നണി സ്ഥാനാർഥികളും സ്വതന്ത്രരുമെല്ലാം താൽക്കാലികമായി ഓഫിസുകൾ സ്ഥാപിക്കുന്നത് പതിവാണ്. ഇത് പൊളിക്കുേമ്പാഴും വലിയതോതിൽ പ്ലാസ്റ്റിക് മാലിന്യമുണ്ടാകും. ഇത് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് പ്രകൃതി സൗഹൃദമെന്ന ആശയം മുന്നോട്ടുവെച്ചത്. ജില്ല ശുചിത്വമിഷനും ഹരിത കേരള മിഷനും ഇവർക്ക് നിർദേശങ്ങൾ നൽകുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് 16ാം വാർഡിലാണ് ഓല, മുള എന്നിവ ഉപയോഗിച്ച് നിർമിച്ചത്. മുളകൊണ്ടുള്ള ഇരിപ്പിടങ്ങൾ, പനയോലകൊണ്ടുള്ള ആർച് എന്നിവയും ഒരുക്കിയിട്ടുണ്ട്. തോരണങ്ങൾക്ക് തുണിയാകും ഉപയോഗിക്കുക. മൺകലത്തിലാകും കുടിവെള്ളം ഒരുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.