കോട്ടയം: ഒരുമാസത്തിലേറെ നീണ്ട നാടിളക്കി പ്രചാരണങ്ങൾക്ക് വിരാമം, ഇന്ന് നിശ്ശബ്ദ പ്രചാരണദിനത്തിൽ പരമാവധി വീടുകൾ കയറിയിറങ്ങി വോട്ടുകൾ ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിലാകും മുന്നണികളും സ്ഥാനാർഥികളും. പ്രചാരണ നോട്ടീസുകളും വോട്ടിങ് സ്ലിപ്പുകളും പരമാവധി വീടുകളിൽ എത്തിക്കുന്ന സ്ക്വാഡ് പ്രവർത്തനങ്ങളാകും വ്യാഴാഴ്ച നടക്കുക.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി വ്യക്തിഹത്യയും മുന്നണി മാറ്റവും വിവാദങ്ങൾക്കുമെല്ലാം സാക്ഷ്യം വഹിച്ച വലിയ രീതിയിലുള്ള പ്രചാരണങ്ങൾക്കാണ് ഇക്കുറി കോട്ടയം മണ്ഡലം സാക്ഷ്യം വഹിച്ചത്. വെള്ളിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർഥികൾ ഉൾപ്പെടെ 14 പേരാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഇന്ന് വോട്ടിങ് സാമഗ്രി വിതരണം നടക്കും.
ആവേശം വാനോളം ഉയർന്ന കൊട്ടിക്കലാശത്തിന് ശേഷമാണ് നിശബ്ദ പ്രചാരണത്തിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് നിന്നവർ രണ്ട്ചേരിയായും എതിർത്ത് നിന്നവർ ഒരുമിച്ചും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ അപൂർവ കാഴ്ചക്കാണ് ഇക്കുറി കോട്ടയം സാക്ഷ്യം വഹിക്കുന്നത്.
2019 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച കേരള കോൺഗ്രസ് എമ്മിന്റെ തോമസ് ചാഴികാടൻ ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ എതിരാളികളാകട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചാഴികാടന് വേണ്ടി വോട്ട് പിടിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉൾപ്പെട്ട യു.ഡി.എഫും. 2019 ൽ ചാഴികാടൻ പരാജയപ്പെടുത്തിയ സി.പി.എമ്മിന്റെ മന്ത്രി വി.എൻ. വാസവനും സംഘവുമാണ് ഇക്കുറി ചാഴികാടനായി വോട്ട് പിടിക്കാൻ സജീവമായുള്ളത്. സംസ്ഥാനത്ത് ഇരുമുന്നണികളും ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ച കോട്ടയം മണ്ഡലത്തിൽ 44 വർഷങ്ങൾക്ക് ശേഷം കേരള കോൺഗ്രസ് പാർട്ടികൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് പ്രധാനമായും.
വനിത, സാമുദായിക വോട്ടർമാർ നിർണായകമായ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി കേരള കോൺഗ്രസ് എമ്മിന്റെ തോമസ് ചാഴികാടനും യു.ഡി.എഫിന്റെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഫ്രാൻസിസ് ജോർജും തമ്മിലാണ് പ്രധാന പോരാട്ടം.
ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയിലൂടെ മണ്ഡലത്തിൽ വോട്ടുയർത്താൻ പ്രതീക്ഷിച്ച് എൻ.ഡി.എയും സജീവം. സാമുദായിക വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ അത് ഉറപ്പിക്കുന്നതുൾപ്പെടെ പ്രവർത്തനങ്ങളാണ് മുന്നണികൾ. ക്രിസ്ത്യൻ വോട്ടർമാർ നിർണായക സ്വാധീനം വഹിക്കുന്ന മണ്ഡലത്തിൽ ഈഴവ, നായർ വോട്ടുകൾക്കും വലിയ പ്രാധാന്യമാണുള്ളത്.
കോട്ടയത്തെ ആറും എറണാകുളത്തെ പിറവം മണ്ഡലവും ഉൾപ്പെടെ ഏഴ് നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് കോട്ടയം പാർലമെന്റ് മണ്ഡലം. 2019 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണച്ച മണ്ഡലം ഇക്കുറി മാറി ചിന്തിക്കുമോയെന്ന് കാത്തിരുന്ന് കാണണം. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച തോമസ് ചാഴികാടൻ കേരള കോൺഗ്രസ് (എം) മുന്നണി മാറിയതോടെയാണ് എൽ.ഡി.എഫിലെത്തിയത്. മുന്നണി മാറ്റം ഇക്കുറി ചാഴികാടനെ സഹായിക്കുമോയെന്നതും നിർണായകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.