കോട്ടയം: രാഷ്ട്രീയരംഗത്തും ഭരണരംഗത്തും ഉയർന്നുവരുന്ന തെറ്റായ സമീപനങ്ങൾ അർഥവത്തായും ഭംഗിയായും നർമംകലർന്ന ഭാഷയിൽ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിയുന്ന കാർട്ടൂണിസ്റ്റുകൾ ഏറെ അനുഗ്രഹീതരായ കലാകാരന്മാരാണെന്ന് മന്ത്രി വി.എൻ. വാസവൻ.
കോട്ടയം പ്രസ് ക്ലബ് കേരള കാർട്ടൂൺ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ഇലക്ടൂൺ-2024’ കാർട്ടൂൺ പ്രദർശനം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ ആണവകരാറിനെതിരെ പ്രമേയം അവതരിപ്പിച്ചതിനെ തുടർന്ന് തന്നെക്കുറിച്ച് പിറ്റേദിവസം പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട കാർട്ടൂണുകൾ ആസ്വദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. ശ്രദ്ധേയമായ പല കാർട്ടൂണുകളെയും മന്ത്രി പ്രദർശനത്തിൽ ഓർമിച്ചു. കാർട്ടൂൺ വരച്ചാണ് മന്ത്രി പ്രദർശനം ഉദ്ഘാടനം ചെയ്തത്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച 75ഓളം കാർട്ടൂണുകളാണ് ‘ഇലക്ഷൻ കാർട്ടൂണിലെ ചിരി’ എന്ന പരിപാടിയോട് അനുബന്ധിച്ചുള്ള പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. തെരഞ്ഞെടുപ്പു സമയത്ത് നടന്ന എല്ലാ രാഷ്ട്രീയസംഭവ വികാസങ്ങളോടും പാർട്ടി ഭേദമന്യേ ക്രിയാത്മകമായും, വിമർശനാത്മകമായുമുള്ള കാഴ്ചപ്പാടോടെ പ്രതികരിച്ച കാർട്ടൂണുകളായിരുന്നു ഇവ എന്നതും ശ്രദ്ധേയമായി.
കാർട്ടൂണിസ്റ്റുകളുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ വിവിധ രാഷ്ട്രീയ-സാമൂഹ്യ-മാധ്യമപ്രവർത്തകരെ പങ്കെടുപ്പിച്ച് പ്രദർശനം ഒരുക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
ഗവ. ചീഫ്വിപ്പ് ഡോ. എൻ. ജയരാജ് ‘ഇലക്ഷൻ കാർട്ടൂണിലെ ചിരി’ കാർട്ടൂൺ സംവാദം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷനായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, പി.സി. ജോർജ്, ബി.ജെ.പി മധ്യമേഖല പ്രസിഡന്റ് എൻ. ഹരി, കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി എ. സതീഷ്, ജോസ് പനച്ചിപ്പുറം, ജോർജ് കള്ളിവയലിൽ, അനൂപ് രാധാകൃഷ്ണൻ, പ്രസ് ക്ലബ് സെക്രട്ടറി റോബിൻ തോമസ് പണിക്കർ എന്നിവർ സംസാരിച്ചു. മാധ്യമരംഗത്തെ പ്രമുഖരും കാർട്ടൂണിസ്റ്റുകളും പരിപാടിയിൽ പങ്കെടുത്തു. കേരള കാർട്ടൂൺ അക്കാദമി മുൻ ചെയർമാൻ പ്രസന്നൻ ആനിക്കാട് സംവാദത്തിൽ മോഡറേറ്ററായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.