തൊഴിലുറപ്പ് പദ്ധതി: വേതനമായി നൽകിയത് 124.29 കോടി

കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, യിൽ ജില്ലയിൽ വേതനമായി വിതരണം ചെയ്തത് 124.29 കോടി. ഈ സാമ്പത്തികവർഷം ഡിസംബർ 15 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ ജില്ലയിൽ 30,24,474 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതായും കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ തോമസ് ചാഴികാടൻ എം.പിയുടെ അധ്യക്ഷതയിൽ നടന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നാലാം പാദ അവലോകന യോഗം (ദിശ) വിലയിരുത്തി.

തൊഴിലുറപ്പ് വേതനം സമയബന്ധിതമായി നൽകുന്നതിൽ സംസ്ഥാനത്ത് ജില്ല ഒന്നാമതാണെന്നും (99.57 ശതമാനം) യോഗം വിലയിരുത്തി. മാടപ്പള്ളി, വാഴൂർ ബ്ലോക്കുകൾ സമയബന്ധിതമായി വേതനം നൽകുന്നതിൽ നൂറുശതമാനം നേട്ടം സ്വന്തമാക്കി. ജില്ലയിൽ 63,606 കുടുംബങ്ങൾക്കായി ശരാശരി 47.55 തൊഴിൽദിനങ്ങൾ നൽകി. പട്ടികജാതി കുടുംബങ്ങൾക്ക് 4,32,473 തൊഴിൽദിനങ്ങളും പട്ടികവർഗകുടുംബങ്ങൾക്ക് 1,03,079 തൊഴിൽദിനങ്ങളും നൽകി. ജില്ലയിൽ 3519 കുടുംബങ്ങൾ 100 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയെന്നും യോഗം വിലയിരുത്തി.

മഴമാറി കാലാവസ്ഥ അനുകൂലമാണെന്നും ജൽ ജീവൻ കുടിവെള്ള പദ്ധതിക്കായുള്ള റോഡ് പൊളിക്കലും പുനഃസ്ഥാപിക്കലും വേഗത്തിൽ നടപ്പാക്കണമെന്നും പൊതുമരാമത്ത്, ജല അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥരോട് എം.പി ആവശ്യപ്പെട്ടു. സ്വച്ഛ് ഭാരത് മിഷനുകീഴിൽ ലഭ്യമായ ഫണ്ട് വിനിയോഗിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് കോട്ടയം നഗരസഭക്ക് എം.പി നിർദേശം നൽകി.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ ജില്ലയിൽ ഈവർഷം 52.938 കോടി വിതരണം ചെയ്തു. ജില്ലയിൽ മൊത്തം 2,33,676 ഗുണഭോക്താക്കളാണുള്ളത്. എന്നാൽ, കൃഷിഭൂമിവിവരങ്ങൾ നൽകാത്തതിനാലും ഇ.കെ.വൈ.സി സമർപ്പിക്കാത്തതിനാലും 1,06,358 പേർക്കേ തുക കൈമാറിയിട്ടുള്ളൂവെന്ന് കൃഷിവകുപ്പ് യോഗത്തെ അറിയിച്ചു.

കൃഷി ഓഫിസർമാർ ഗുണഭോക്താക്കളെ ഫോണിൽ ബന്ധപ്പെട്ട് രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടണമെന്ന് എം.പി നിർദേശിച്ചു. അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ഡെപ്യൂട്ടി ഡെവലപ്മെന്‍റ് കമീഷണറും പ്രോജക്ട് ഡയറക്ടറുമായ പി.എസ്. ഷിനോ, ജില്ല പ്ലാനിങ് ഓഫിസർ ലിറ്റി മാത്യു എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Employment Guarantee Scheme: 124.29 crore paid as wages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.