കോട്ടയം: ഒരു കഷണം കടലാസ് കത്തികൊണ്ട് വെട്ടിയൊരുക്കി മനോഹരശിൽപങ്ങൾ തീർത്ത് വിസ്മയമൊരുക്കുകയാണ് കോട്ടയം സ്വദേശിനിയായ നീനു ആൻ കുര്യൻ. നേരേമ്പാക്കായി ഒന്നരവർഷം മുമ്പ് തുടങ്ങിയ 'പേപ്പർ കട്ടിങ് ആർട്ട്' എന്ന ഈ വിദ്യകൊണ്ട് ഒട്ടേറെ ചിത്രങ്ങളും ശിൽപങ്ങളും വെട്ടിയെടുത്ത് ഈ എൻജിനീയറിങ് ബിരുദധാരി.
ചിത്രരചനയിൽ താൽപര്യമുള്ള നീനു വ്യത്യസ്തമായി കാണുന്നതെന്തും പരീക്ഷിക്കുന്ന കൂട്ടത്തിലായിരുന്നു. അങ്ങനെയാണ് സമൂഹമാധ്യമങ്ങളിൽ കണ്ട പേപ്പർ കട്ടിങ് ആർട്ട് ചെയ്യാൻ തുടങ്ങിയത്. വിചാരിച്ച അത്ര എളുപ്പമായിരുന്നില്ല. ആദ്യം സാധാരണ കടലാസിലാണ് വരക്കാൻ നോക്കിയത്. കടലാസ് കീറിപ്പോയതിനാൽ ആദ്യ ശ്രമം പാളി. തുടർന്ന് കട്ടിയുള്ള കടലാസ് പ്രത്യേകം വാങ്ങി ചിത്രം ഒരുക്കി. അതോടെ ആത്മവിശ്വാസമായി. എളുപ്പമുള്ള ചിത്രങ്ങളിൽ തുടങ്ങി ഇപ്പോൾ ക്രിസ്തു, അന്ത്യ അത്താഴം തുടങ്ങിയവയിലെത്തിനിൽക്കുന്നു നീനുവിെൻറ കരവിരുത്.
200 ജി.എസ്.എം കട്ടിയുള്ള പേപ്പറിൽ ആദ്യം പെൻസിൽ കൊണ്ട് രൂപരേഖ വരക്കും. തുടർന്ന് കട്ടിങ് ബ്ലേഡ് കൊണ്ട് ആവശ്യമില്ലാത്ത ഭാഗങ്ങൾ വെട്ടിയൊഴിവാക്കുന്നതോടെ കടലാസ് ശിൽപം തയാർ. നല്ല ക്ഷമയും താൽപര്യവും ഉണ്ടെങ്കിലേ ഇത് ചെയ്യാനാവൂ. അല്ലെങ്കിൽ പാതിവഴിയിൽ ഇട്ടുപോവും. ഡിസൈൻ അനുസരിച്ച് പണി കൂടുമെന്നും നീനു പറയുന്നു. കോവിഡ് കാലത്ത് അക്ഷീണം പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരവായി, മൂന്നാഴ്ച െകാണ്ട് കടലാസിൽ വെട്ടിയൊരുക്കിയ 'മാലാഖമാരുടെ ചിറക്' ഏറെ ശ്രദ്ധേയമാണ്.
'നിയാൻ കുര്യൻ' എന്ന ഇൻസ്റ്റഗ്രാം പേജിലെ പേപ്പർ ആർട്ട് ചിത്രങ്ങൾ കണ്ട് നിരവധിപേർ വാങ്ങാനെത്തിയിരുന്നു. ഫ്രെയിം ചെയ്താണ് ആവശ്യക്കാർക്ക് നൽകുന്നത്. ഓരോന്നിെൻറയും വലുപ്പവും ഡിസൈനും അനുസരിച്ചാണ് വില. പോർട്രേറ്റുകളും ഇത്തരത്തിൽ ചെയ്തുനൽകും. കോൺട്രാക്ടറും ഇൻറീരിയർ ഡിസൈനറുമായ അറുത്തൂട്ടി പ്ലാക്കിയിൽ തോമസ് കുര്യെൻറയും ഷീലാ കുര്യെൻറയും മകളാണ് നീനു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.