സ്വന്തം ലേഖകൻ
കോട്ടയം: ഡെങ്കിപ്പനി ഉൾപ്പെടെ പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കാൻ ജില്ല കലക്ടർ വി. വിഘ്നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലതല വകുപ്പ് മേധാവികളുടെ യോഗം തീരുമാനിച്ചു.ഡെങ്കിപ്പനി പ്രതിരോധത്തിന് സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന കൊതുക് ഉറവിട നിർമാർജനദിനം ശക്തമായി തുടരും. വെള്ളിയാഴ്ച- വിദ്യാലയങ്ങൾ, ശനി- സ്ഥാപനങ്ങൾ, ഞായർ- വീടുകൾ എന്ന രീതിയിലാണ് കൊതുക് ഉറവിട നിർമാർജനദിനം നടപ്പാക്കുന്നത്. സ്കൂളുകളിലെ അസംബ്ലിയിൽ ആഴ്ചയിലൊരിക്കൽ വിവിധ ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച സന്ദേശം നൽകാനും തീരുമാനിച്ചു.
ആശ പ്രവർത്തകർക്ക് പുറമെ അംഗൻവാടി പ്രവർത്തകരും എല്ലാ ദിവസവും വൈകീട്ട് 3.30നുശേഷം അരമണിക്കൂർ പ്രദേശത്തെ 10 വീട് സന്ദർശിച്ച് ശുചിത്വ നിർദേശങ്ങൾ നൽകാനും കലക്ടർ നിർദേശിച്ചു. കഴിഞ്ഞ രണ്ടുവർഷത്തെ അപേക്ഷിച്ച് പനി, ഡെങ്കിപ്പനി, എച്ച്1 എൻ1 പനി, വയറിളക്ക രോഗങ്ങൾ എന്നിവ വർധിച്ചതായി ജില്ല രോഗനിരീക്ഷണ ഓഫിസർ ഡോ. സി.ജെ. സിത്താര യോഗത്തിൽ അറിയിച്ചു.
ഡെങ്കിപ്പനി വ്യാപനം തടയാൻ വീടിനുചുറ്റും മഴവെള്ളം കെട്ടിനിൽക്കുന്ന ചെറുപാത്രങ്ങൾ, ചിരട്ടകൾ, സൺഷേഡുകൾ, മരപ്പൊത്തുകൾ, ടാപ്പിങ് നടത്താത്ത റബർ മരങ്ങളിലെ ചിരട്ടകളിലും കെട്ടിനിൽക്കുന്ന മഴവെള്ളം അടിയന്തരമായി നീക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ സുബിൻ പോൾ, മൃഗസംരക്ഷണ വകുപ്പ് ഉപഡയറക്ടർ ഡോ. കെ.എം. വിജിമോൾ, ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. പി.എൻ. വിദ്യാധരൻ, കോട്ടയം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. സിദ്ദീഖ്, ജില്ല മീഡിയ എജുക്കേഷൻ ഓഫിസർ ഡോമി ജോൺ, ഭക്ഷ്യസുരക്ഷാവകുപ്പ് അസി. കമീഷണർ സി.ആർ. രൺദീപ്, ഡോ. വി. അരുൺകുമാർ, ഡോ. അനൂപ, ഡോ. കെ.ജി. സുരേഷ്, ഡോ. ത്രേസ്യാമ്മ ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കോട്ടയം: ഭക്ഷ്യവിഷബാധ തടയുന്നതിന് ഹോട്ടൽ പരിശോധന കർശനമാക്കാൻ നിർദേശം. മാലിന്യങ്ങൾ ശരിയായി സംസ്കരിക്കാത്ത ഭക്ഷണശാലകൾക്കെതിരെ നിയമനടപടി എടുക്കാനും ജില്ല കലക്ടർ വി. വിഘ്നേശ്വരി ഭക്ഷ്യസുരക്ഷാവകുപ്പിന് നിർദേശം നൽകി.
കോട്ടയം നഗരസഭ, പനച്ചിക്കാട്, അതിരമ്പുഴ, മീനടം, കടനാട്, വെച്ചൂർ, കറുകച്ചാൽ, മണിമല ഗ്രാമപഞ്ചായത്തുകൾ പകർച്ചവ്യാധിക്കെതിരെ അതീവ ശ്രദ്ധ പുലർത്തണമെന്ന് ജില്ലതല വകുപ്പ് മേധാവികളുടെ യോഗം നിർദേശിച്ചു. പ്രതിരോധപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ഈ പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപന അധികാരികളുടെ പ്രത്യേക യോഗം വിളിക്കും.
എച്ച്1 എൻ1 ന്റെ വ്യാപനം തടയുന്നതിന് പനി ബാധിച്ച കുട്ടികൾ കുറഞ്ഞത് അഞ്ചുദിവസം സ്കൂളിൽ പോകുന്നത് ഒഴിവാക്കണമെന്നും ജലദോഷമുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും യോഗം നിർദേശിച്ചു. ഒഴിഞ്ഞുകിടക്കുന്ന വീടുകൾ, പറമ്പുകൾ, തോട്ടങ്ങൾ എന്നിവയിൽ കൊതുക് വളരുന്നില്ലെന്ന് ഉറപ്പുവരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് കലക്ടർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.