ഈരാറ്റുപേട്ട: സെൻട്രൽ ജങ്ഷനിൽ സ്വകാര്യ ബസ് സ്റ്റാൻഡ് റോഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റിയിടാൻ അധികൃതർ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം. സെൻട്രൽ ജങ്ഷനിൽ മേത്തർ മെഡിക്കൽസിന് സമീപമാണ് ഇരുമ്പുകൊണ്ടുള്ള വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. ഈ പോസ്റ്റിലൂടെ 11 കെ.വി ലൈനും ത്രീഫേസ് ലൈനും എ.ബി.സി കേബിളും കടന്നുപോകുന്നുണ്ട്. എ.ബി.സി കേബിൾ വലിച്ചതിനുശേഷമാണ് പോസ്റ്റ് ഒരുവശത്തേക്ക് ചരിഞ്ഞുതുടങ്ങിയത്.
പ്രദേശത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള സർവിസ് കേബിളും ഈ പോസ്റ്റിൽ നിന്നാണ്. അയഞ്ഞുകിടന്നിരുന്ന കേബികൾ പോസ്റ്റ് ചരിയുന്നതിനനുസരിച്ചു വലിഞ്ഞു മുറുകിക്കൊണ്ടിരിക്കുകയാണ്. ദിവസവും വൈദ്യുതി തൂൺ റോഡിലേക്കു ചാഞ്ഞുകൊണ്ടിരിക്കുന്നത് ആശങ്കയോടെയാണ് സമീപത്തെ വ്യാപാരികൾ ഉൾപ്പെടെയുള്ളവർ കാണുന്നത്. തിരക്കേറിയ പ്രദേശത്തെ പോസ്റ്റ് അപകടാവസ്ഥയിലായിട്ടും കണ്ടില്ലെന്ന മട്ടിലാണ് കെ.എസ്.ഇ.ബി. തിരക്കേറിയ സെൻട്രൽ ജങ്ഷനിൽ സർവിസ് ലൈനുകളുടെ ബലത്തിലാണ് ഇപ്പോൾ പോസ്റ്റ് നിൽക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വൈദ്യുതി തൂൺ നേരെയാക്കി അപകട സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ വട്ടക്കയം ജങ്ഷനിൽ ട്രാൻസ്ഫോമർ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി തൂണിലെ സ്റ്റേ കമ്പിയിൽ തലയിടിച്ച് വഴി യാത്രക്കാരനായ യുവാവിന്റെ തലക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയ തെക്കേകര പുള്ളോലിൽ ഹക്കീമിനാണ് തലക്ക് പരിക്കേറ്റത്.
ട്രാൻസ്ഫോമർ ഘടിപ്പിക്കാനായി നടപ്പാതയുടെ നടുവിലാണ് രണ്ട് ഇലക്ട്രിക് തൂണുകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ തൂണുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് കേവലം അഞ്ച് അടി പൊക്കത്തിൽ ഇരുമ്പ് കേഡർ കൊണ്ടുള്ള സ്റ്റേ ഇട്ടിരിക്കുന്നത്. ഇതുവഴി കടന്നുപോകുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള വഴിയാത്രക്കാർക്ക് പലപ്പോഴും അപകടം പറ്റിയിട്ടുണ്ട്. പലതവണ കെ.എസ്.ഇ.ബിയിൽ പരാതിപ്പെട്ടിട്ടും അനങ്ങാപ്പാറ നയമാണ് അധികൃതരുടേത്. അപകടം പതിവായതോടെ നാട്ടുകാർ ചേർന്ന് തുണി സ്പോഞ്ച് പോലുള്ള കമ്പിയിൽ ചുറ്റിയെങ്കിലും പ്രയോചനമുണ്ടായില്ല. ഉയരത്തിലേക്ക് മാറ്റി ഘടിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.