ഈരാറ്റുപേട്ട: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നുള്ള സർവിസുകൾ വെട്ടിക്കുറച്ചതോടെ യാത്രാദുരിതത്തിൽ മലയോരമേഖല. കോവിഡ് കാലത്തിനുമുമ്പ് 60 ഷെഡ്യൂൾ വരെയുണ്ടായിരുന്ന ഈരാറ്റുപേട്ടയിൽ ഇപ്പോൾ 33 ഷെഡ്യൂൾ മാത്രമാണുള്ളത്.
മൂന്ന് വർഷമായി ഈരാറ്റുപേട്ട ഡിപ്പോക്ക് പുതിയ ബസുകൾ അനുവദിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. മലയോര മേഖലകളിലേക്കുള്ള സ്റ്റേ സർവിസുകൾ പുനരാരംഭിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുകയാണ്.
കെ.എസ്.ആർ.ടിസിയെ മാത്രം ആശ്രയിച്ചിരുന്ന ചേന്നാട്, തലനാട്, ചോലത്തടം, വാഗമൺ, കൈപ്പള്ളി മേഖലകളിലേക്കാണ് യാത്രാക്ലേശം.
കോവിഡ് കാലത്താണ് ഈരാറ്റുപേട്ടയിൽനിന്നുള്ള മലയോര സർവിസുകൾ നിർത്തിയത്. ഇവ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല.
മലയോര പഞ്ചായത്തുകളായ തലനാട്, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര എന്നിവിടങ്ങളിലേക്കുള്ള നിരവധി ബസുകളാണ് കോവിഡ് കാലഘട്ടത്തിൽ സർവിസ് നിർത്തിയത്.
കെ.എസ്.ആർ.ടി.സി മാത്രം സർവിസ് നടത്തുന്ന കൈപ്പള്ളി, ചോലത്തടം റൂട്ടുകളിൽ യാത്രാ ദുരിതം രൂക്ഷമാണ്. നിർത്തിയ ഡിപ്പോയിൽനിന്നുള്ള ദീർഘദൂര സർവിസുകളും പുനരാംഭിച്ചിച്ചിട്ടില്ല. പുതിയതായി നെടുമ്പാശ്ശേരി സർവിസുകൾ തുടങ്ങുമെന്ന പ്രഖ്യാപനവും പാഴ് വാക്കായി. പാലായിൽ അവസാനിക്കുന്ന അഞ്ച് മലബാർ സർവിസുകൾ ഈരാറ്റുപേട്ടക്ക് നീട്ടുമെന്ന് പറഞ്ഞിരുന്നു. ഇതിൽ ഒന്നു മാത്രമാണ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.