ഈരാറ്റുപേട്ട: പലതവണ ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് നഗരം. പ്രധാനമായി കുരിക്കൾനഗർ ഭാഗത്താണ് കൂടുതൽ ഗതാഗതതടസ്സം. ഓട്ടോറിക്ഷകളുടെ കറക്കം വലിയ പ്രയാസമാണ് ഈ ഭാഗത്ത് സൃഷ്ടിക്കുന്നത്. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനം മാർക്കറ്റ് റോഡിലേക്ക് പ്രവേശിക്കുമ്പോഴും മാർക്കറ്റിൽനിന്നുള്ള വാഹനം സെൻട്രൽ ജങ്ഷനിലേക്ക് ഇറങ്ങുമ്പോഴുമാണ് കൂടുതൽ വാഹനതടസ്സം ഉണ്ടാകുന്നത്. ഇത് നിയന്ത്രിക്കാൻ വൺവേ സംവിധാനങ്ങൾ ഏർപ്പെടുത്തിയെങ്കിലും ഒരു നിയന്ത്രണവും ഇല്ലാതെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. വാഹനങ്ങൾ തോന്നുംപോലെ കയറിയിറങ്ങുന്നതാണ് മാർക്കറ്റ് റോഡിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. നഗരസഭ റോഡിലേക്ക് ഇറക്കിവെച്ചുള്ള വഴിയോരക്കച്ചവടവും ഗതാഗതക്കുരുക്കിന് കാരണമാണ്. നഗരത്തിലെ അനധികൃത പാർക്കിങ്ങും വഴിയോരക്കച്ചവടവും സാധാരണക്കാരെ പെരുവഴിയിലാക്കുന്നു.
ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ അധികസമയം ബസ് പാർക്ക് ചെയ്യുന്നതും വലിയ പ്രതിസന്ധിയാണ്. ടൗണിലെ ഗതാഗത പ്രതിസന്ധി പരിഹരിക്കാനാണ് കടുവാമൂഴിയിൽ ലക്ഷങ്ങൾ മുടക്കി പ്രൈവറ്റ് ബസ് സ്റ്റാൻഡ് പണിതത്. പലതവണ ഉദ്ഘാടനം ചെയ്തിട്ടും ഇപ്പോഴും സ്റ്റാൻഡ് ഉപയോഗശൂന്യമായി കിടക്കുകയാണ്. ലക്ഷങ്ങൾ മുടക്കിയ കെട്ടിടങ്ങൾ ശോച്യാവസ്ഥയിലായി. കടുവാമുഴി ബസ് സ്റ്റാൻഡ് കൃത്യമായ പ്ലാനിങ്ങോടെ ഉപയോഗിച്ചാൽ നഗരത്തിലെ ഗതാഗതക്കുരുക്ക് ഏറെ കുറക്കാൻ കഴിയും. ട്രാഫിക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാർ ഇല്ല. ട്രാഫിക് യൂനിറ്റ് അനുവദിക്കണമെന്നത് നാട്ടുകാരുടെ നാളുകളായ ആവശ്യമാണ്.
നൈനാർപള്ളിക്ക് മുന്നിലെയും സെൻട്രൽ ജങ്ഷനിലെ കാഞ്ഞിരപ്പള്ളി റോഡിലെയും ബസ് സ്റ്റോപ്പുകളിൽ റോഡിന്റെ ഇരുവശത്തും അനധികൃത പാർക്കിങ് മൂലം ബസുകൾ ആളെ കയറ്റുന്നതും ഇറക്കുന്നതും റോഡിന്റെ മധ്യഭാഗത്താണ്. ഇതുമൂലം ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്.
വാഹനങ്ങൾ നോ പാർക്കിങ് ഏരിയകളിലും നടപ്പാതകളിലും വരെ പാർക്ക് ചെയ്യുന്നു. സീബ്രാലൈനുകൾ ഉണ്ടെങ്കിലും ഇതൊന്നും ഡ്രൈവർമാർ പരിഗണിക്കാറില്ല. മാർക്കറ്റ് റോഡിലും പൂഞ്ഞാർ റോഡിലും അരുവിത്തുറ പള്ളി ജങ്ഷനിലും കോളജ് റോഡിലും ഗതാഗതക്കുരുക്ക് പതിവാണ്.
അരുവിത്തുറ പള്ളി ജങ്ഷനിലെ കുരുക്ക് ഓഫിസുകളിലും കോടതിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തേണ്ടവരെ ദുരിതത്തിലാക്കുന്നു. നഗരസഭ ഗതാഗത ഉപദേശകസമിതി ചേർന്ന് എടുക്കുന്ന തീരുമാനങ്ങൾ പൊലീസിന്റെ കുറവുകാരണം നടപ്പാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ട്രാഫിക് യൂനിറ്റ് ആരംഭിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരമാവും.
(തുടരും....)
ഓട്ടോറിക്ഷകൾക്ക് കൂപ്പൺ സമ്പ്രദായം ഏർപ്പെടുത്തി ഓട്ടോറിക്ഷകളുടെ അനാവശ്യ കറക്കം ഒഴിവാക്കുക. മുഹ്യിദ്ദീൻപള്ളി റോഡ് വഴി വൺവേ സംവിധാനം ഏർപ്പെടുത്തുകയും ടൗണിൽ അരുവിത്തുറ പള്ളിയുടെ മുന്നിലും മുട്ടം ജങ്ഷനിലും വടക്കേക്കരയിൽ പൊലീസ് സ്റ്റേഷൻ വളവിലും മാത്രം ബസ് സ്റ്റോപ് ഏർപ്പെടുത്തി വടക്കേക്കര ബസ് സ്റ്റേഷൻ പ്രവർത്തനസജ്ജമാക്കുക. സെൻട്രൽ ജങ്ഷനിൽ ട്രാഫിക് ഐലന്ഡ് സ്ഥാപിക്കുന്നതിനോടൊപ്പം ഗതാഗതനിയന്ത്രണത്തിന് പൊലീസിനെ ചുമതലപ്പെടുത്തുക.
ട്രാഫിക് കമ്മിറ്റി ചേർന്ന് എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയുന്നില്ല എന്നതാണ് യഥാർഥ പ്രശ്നം. അധികൃതർ ഉണർന്നുപ്രവർത്തിച്ചാൽ വളരെ വേഗം മാറ്റംവരുത്താൻ കഴിയും.
ഭരണകക്ഷി കൊണ്ടുവരുന്നതിനെയെല്ലാം രാഷ്ടീയമായി നേരിടുക എന്നതാണ് പ്രതിപക്ഷത്തിന്റെ കടമ എന്നാണ് പലരും മനസ്സിലാക്കിയിരിക്കുന്നത്. എല്ലാറ്റിലും രാഷ്ട്രീയമാണ്. പൊതുകാര്യത്തിനുവേണ്ടി ഒന്നിച്ചുനിന്നാൽ നാട്ടിൽ വിപ്ലവം സൃഷ്ടിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.