ഈരാറ്റുപേട്ട: നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡ് പൊളിച്ചുനീക്കൽ ഇഴയുന്നു. മാസങ്ങൾക്ക് മുമ്പ് ബസിടിച്ചതിനെ തുടർന്ന് മുൻവശത്തെ ഒരുഭാഗം റോഡിലേക്ക് ഇടിഞ്ഞുവീണിരുന്നു. തുടർന്നാണ് കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ സിമന്റ് ഇളകിയും കമ്പി തെളിഞ്ഞും നിൽക്കുന്ന ഭാഗങ്ങൾ പൊളിച്ചുനീക്കാൻ തീരുമാനിച്ചത്.
അഞ്ചുലക്ഷം രൂപ മുടക്കിയാണ് കെട്ടിടം ഭാഗികമായി പൊളിച്ചത്. എന്നാൽ, ഫിറ്റ്നസുപോലുമില്ലാത്ത കെട്ടിടം മൂന്നരലക്ഷം രൂപ മുടക്കി വീണ്ടും പുതുക്കിപ്പണിയാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ സി.പി.എം രംഗത്തുവന്നിരുന്നു.
മുകളിലത്തെ രണ്ടുനിലകളിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് പോകാനുള്ള കൈവരികൾ ഉൾപ്പെടെ പൊളിച്ചുനീക്കിയ അവസ്ഥയിലാണിപ്പോൾ. സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമകളായ യു.ഡി.എഫ് നേതാക്കളുടെ സമ്മർദത്തിലാണ് ബസ് സ്റ്റാൻഡ് പൊളിച്ചുനീക്കലിൽനിന്ന് ഭരണസമിതി പിന്നോട്ട് വലിയുന്നതെന്നാണ് പ്രതിപക്ഷ ആക്ഷേപം. നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബസ് സ്റ്റാൻഡിന് 40 വർഷത്തിലധികം പഴക്കമുണ്ട്. കെട്ടിടത്തിന്റെ പലഭാഗങ്ങളും വർഷങ്ങളായി ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്.
ബസ് കാത്തിരുന്ന യുവതിയുടെ തലയിൽ കോൺക്രീറ്റ് അടർന്നുവീണ് പരിക്കേറ്റതിനെ തുടർന്നാണ് നെറ്റ് വലിച്ചുകെട്ടി മറച്ചത്. ദിവസേന നൂറുകണക്കിന് സ്വാകാര്യ ബസുകൾ കയറുന്നതാണിവിടെ. സ്റ്റാൻഡിൽ വന്ന് പോകുന്ന യാത്രക്കാരുടെ ജീവന് ഒരു സുരക്ഷയുമില്ലാത്ത അവസ്ഥയാണ്. ആധുനിക നിലവാരത്തിലുള്ള ഹൈടെക് നഗരസഭ കോംപ്ലക്സ് ഉൾപ്പെടെ പുതിയ ബസ് സ്റ്റാൻഡിന് പ്ലാൻ എടുത്തെങ്കിലും ഇതുവരെ നടപടികളിലേക്ക് കടന്നിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.