ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒ.പി ബ്ലോക്ക് കെട്ടിടംപണി പൂർത്തിയായി മൂന്നുമാസം കഴിഞ്ഞിട്ടും തുറന്നുകൊടുക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ 2.20 കോടി രൂപ ഉപയോഗിച്ചാണ് ബ്ലോക്ക് പണിതത്. ഈമാസം മൂന്നിന് ഉദ്ഘാടനം തീരുമാനിച്ച് നോട്ടീസ് അച്ചടിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയ അഭിപ്രായവ്യത്യാസംമൂലം ഉദ്ഘാടനം മാറ്റിവെക്കുകയായിരുന്നു.
ജനപ്രതിനിധികളുടെ അഭിപ്രായവ്യത്യാസംമൂലം ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളാണ് നഷ്ടമാകുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ പെരുമാറ്റചട്ടം നിലവിൽവരുകയും ഉദ്ഘാടനം വീണ്ടും വൈകുകയും ചെയ്യും. ഇതുതന്നെയാണ് ആശ്രുപത്രി അങ്കണത്തിൽ നിർമാണം തുടങ്ങിയ ഐസൊലേഷൻ വാർഡിന്റെ അവസ്ഥയും. 3000 ചതുരശ്ര അടിയിൽ 10 ബെഡോടുകൂടിയ ഐ.സി.യു യൂനാറ്റാണ് ഐസൊലേഷൻ വാർഡിൽ വിഭാവനം ചെയ്തിരുന്നത്.
1.40 കോടി രൂപ മുടക്കി നിർമാണം തുടങ്ങിയ ബ്ലോക്കിന്റെ പണി എങ്ങുമെത്തിയില്ലെന്ന് മാത്രമല്ല, സ്ഥലത്ത് കാടുവളർന്ന നിലയിലുമാണ്. നിർമാണം നിലച്ചതോടെ നിർമാണസാമഗ്രികൾ കരാറുകാർ തിരിച്ചുകൊണ്ടുപോയി. രാഷ്ട്രീയ ഭിന്നതങ്ങൾ മറന്ന് ഉദ്ഘാടനം നടത്തി ഒ.പി ബ്ലോക്ക് തുറന്ന് കൊടുക്കണമെന്നും ഐസൊലേഷൻ വാർഡിന്റെ നിർമാണം പുനരാരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.