ഈരാറ്റുപേട്ട: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് നിർത്തിയ ദീർഘദൂര സർവിസുകളായ കോഴിക്കോട്, പൂഞ്ഞാർ-രാജഗിരി, അടുക്കം-തിരുവനന്തപുരം, ചേന്നാട് - തിരുവനന്തപുരം, പുതുതായി പ്രഖ്യാപിച്ച നെടുമ്പാശ്ശേരി തുടങ്ങിയ സർവിസുകൾ തുടങ്ങുമെന്ന പ്രഖ്യാപനം പാഴ്വാക്കായി. പാലായിൽനിന്ന് അഞ്ചു മലബാർ സർവിസുകൾ ഈരാറ്റുപേട്ടക്ക് നീട്ടുമെന്ന് പറഞ്ഞിരുന്നു. അതും തുടങ്ങിയിട്ടില്ല.
ഈരാറ്റുപേട്ടയിൽനിന്ന് കോവിഡ് കാലഘട്ടത്തിൽ നിർത്തിയ മലയോര സർവിസുകൾ വീണ്ടും തുടങ്ങുമെന്ന് പറഞ്ഞിരുന്നതും നടപ്പായില്ല. ഇതോടെ ഈരാറ്റുപേട്ട ഡിപ്പോയുടെ വരുമാനം കുത്തനെ കുറഞ്ഞു. മലയോര പഞ്ചായത്തുകളായ തലനാട്, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര എന്നിവിടങ്ങളിലേക്കുള്ള നിരവധി ബസുകളാണ് കോവിഡ് കാലഘട്ടത്തിൽ നിർത്തിയത്. കെ. എസ്.ആർ.ടി.സി മാത്രം സർവിസ് നടത്തുന്ന കൈപ്പള്ളി, ചോലത്തടം റൂട്ടുകളിലാണ് ഏറെയും യാത്രദുരിതം. അടിവാരം, ചോലത്തടം, കൈപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സ്റ്റേ ബസുകൾ നിർത്തിയത് യാത്രക്കാരെ വലക്കുകയാണ്. രാത്രി ഒമ്പതുവരെ ഈരാറ്റുപേട്ടയിൽനിന്ന് സർവിസ് നടത്തിയിരുന്ന അടിവാരത്തിന് ഇപ്പോൾ രാത്രി എട്ടുമണിക്കാണ് അവസാന ബസ്. കുന്നോന്നിക്കുള്ള അവസാന ബസും എട്ടിന് പുറപ്പെടും. സ്റ്റേ ബസുകൾ നിർത്തിയതോടെ രാവിലെയുള്ള ദീർഘദൂര യാത്രക്കാരും ദുരിതത്തിലായി.
കോവിഡ് കാലഘട്ടത്തിൽ കൈപ്പള്ളിക്കുള്ള രണ്ട് ബസുകളാണ് നിർത്തലാക്കിയത്. രാത്രി 8.20ന് ഈരാറ്റുപേട്ടയിൽനിന്ന് പുറപ്പെടുന്ന സ്റ്റേ ബസും ഇതിൽ ഉൾപ്പെടും. രാത്രി എട്ടിനുശേഷം കൈപ്പള്ളി ഭാഗത്തേക്ക് ബസില്ലാത്ത സാഹചര്യമാണുള്ളത്. പൂഞ്ഞാറിലെത്തി ഓട്ടോകളെയോ സ്വകാര്യ വാഹനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
ചോലത്തടത്തെ അവസ്ഥയും ഇതുതന്നെയാണ്. രാത്രി 8.25നുശേഷം ഈരാറ്റുപേട്ടയിൽനിന്ന് ചോലത്തടത്തിനു ബസില്ല. ചോലത്തടം പറത്താനത്തിനുള്ള സ്റ്റേ ബസായിരുന്നു ഇവിടുത്തുകാരുടെ ആശ്രയം. ഇത് നിർത്തലാക്കി രാവിലെ 7.15നായിരുന്നു സ്റ്റേ ബസ് തിരിച്ച് വന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.