ഈരാറ്റുപേട്ട: സർക്കാർ സർവിസിലേക്ക് അനേകം പേരെ കൈപിടിച്ച് നടത്തിയ നൈനാർ പള്ളി പരീക്ഷ പരിശീലന കേന്ദ്രം 20ാം വയസ്സിലേക്ക്. പ്രദേശത്തെ സാധാരണക്കാരായവരെ സർക്കാർ സർവിസിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് 20 വർഷം മുമ്പ് പരിശീലന കേന്ദ്രം തുടങ്ങിയത്. അന്നത്തെ ഭരണസമിതിയുടെ പിന്തുണകൊണ്ടാണ് പള്ളിയുടെ പരിപാലന ഓഫിസിനോട് ചേർന്ന് ഇതിന് സ്ഥലം അനുവദിച്ചത്.
രാത്രി എട്ടിനു ശേഷമാണ് ക്ലാസ്. അഞ്ഞൂറിന് മുകളിൽ ഉദ്യോഗാർഥികൾ ഇവിടെ പഠനം നടത്തിയിട്ടുണ്ട്. വിവിധ പരീക്ഷകളിൽ ഓട്ടോറിക്ഷ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ മുതൽ ഉന്നത വിദ്യാഭ്യാസം നേടിയവർ വരെയുള്ള 38 പേർ ഇതിനോടകം സർക്കാർ സർവിസിൽ പ്രവേശിച്ചു. 2004ലാണ് പരിശീലന കേന്ദ്രത്തിന് തുടക്കംകുറിച്ചത്.
ഇന്ത്യൻ നേവിയിൽ സിവിൽ വിഭാഗത്തിൽ ആദ്യമായി ഒരു ഈരാറ്റുപേട്ട സ്വദേശി ഉദ്യോഗത്തിൽ പ്രവേശിച്ചത് ഈ കേന്ദ്രത്തിൽനിന്നാണ്. മുസ്ലിം പണ്ഡിതന്മാർക്ക് സർക്കാർ സർവിസ് അന്യമാണെന്ന ധാരണ തിരുത്തിയാണ് ഒന്നിലധികം പണ്ഡിതന്മാർ ജോലിയിൽ കയറിയത്.
50 പേരെഴുതിയ കെ.എസ്.ഇ.ബി മസ്ദൂർ തസ്തികയിൽ 45 പേരും റാങ്ക് ലിസ്റ്റിൽ വന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ നേവി, വിദ്യാഭ്യാസം, വനം, റവന്യൂ, വ്യവസായം, പൊതുമരാമത്ത്, പൊലീസ്, വൈദ്യുതി, ആരോഗ്യം തുടങ്ങി നിരവധി വകുപ്പുകളിൽ ഇവിടെനിന്ന് പരിശീലനം നേടി ജോലിയിൽ കയറിയവരുണ്ട്. നിലവിൽ പത്ത് ഉദ്യോഗാർഥികൾ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
നിശാക്ലാസുകളായതിനാൽ പകൽ തൊഴിൽ, പഠനം തുടങ്ങിയ കാര്യങ്ങൾക്ക് പോകുന്നവർക്കും സുഗമമായി പരിശീലനം നേടാൻ കഴിയുന്നു. വിവിധ മഹല്ലുകളിലുള്ള ഉദ്യോഗാർഥികൾ ഇവിടെ പഠനം നടത്തുന്നു. സൗജന്യ ക്ലാസുകളിലൂടെ മികച്ച മഹല്ല് ശാക്തീകരണ പ്രവർത്തനമാണ് വിഭാവനം ചെയ്യുന്നത്.
തുടക്കം മുതൽ ക്ലാസിന് നേതൃത്വം നൽകുന്നത് വി.ടി. ഹബീബ് ഈരാറ്റുപേട്ടയാണ്. പി.ഇ. മുഹമ്മദ് സക്കീർ പ്രസിഡന്റായ മഹല്ല് പരിപാലന കമ്മിറ്റിയുടെയും 41 അംഗ കൗൺസിലിന്റെയും പിന്തുണയോടെയാണ് പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്.
ഈ കേന്ദ്രത്തിൽനിന്ന് സർവിസിൽ പ്രവേശിച്ചവരും പൂർവ വിദ്യാർഥികളും ചേർന്ന് എംപ്ലോയീസ് ഫോറം ഫോർ എജുക്കേഷൻ കൾചർ ആൻഡ് ട്രെയിനിങ് (ഇഫക്ട് ഈരാറ്റുപേട്ട) എന്ന കൂട്ടായ്മ രൂപവത്കരിച്ച് 2018 മുതൽ പ്രവർത്തിക്കുന്നു.
നിരവധി വിദ്യാർഥികൾക്ക് സ്കോളർഷിപ്പും നൽകിവരുന്നു. ഇതിനുള്ള പ്രവർത്തനഫണ്ട് കണ്ടെത്തുന്നത് അംഗങ്ങളുടെ വരുമാനത്തിൽനിന്നാണ്. വ്യക്തിത്വ വികസന ക്ലാസുകളും വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങളും ഇതോടൊപ്പം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.