ഈരാറ്റുപേട്ട: ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ ഏറ്റവും അധികം കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഈരാറ്റുപേട്ടയിൽ കഴിഞ്ഞ 40 വർഷങ്ങൾക്കിടെ വാട്ടർ അതോറിറ്റിയുടെ സമഗ്ര കുടിവെള്ള പദ്ധതികൾ ഒന്നും നടപ്പാക്കിയിട്ടില്ല. 50 വർഷത്തോളം പഴക്കമുള്ള തേവരുപാറ ടൗൺ കുടിവെള്ള പദ്ധതിവഴി 474 കണക്ഷനുകൾ മാത്രമാണ് നൽകിയത്.
അമൃത് മിഷന്റെ ഔദ്യോഗിക കണക്കുപ്രകാരം കോളനികളിൽ ഉൾപ്പെടെ ആകെ 8615 കുടുംബങ്ങളാണ് നഗരസഭയിൽ താമസിക്കുന്നത്. 3930 കുടുംബങ്ങൾക്കാണ് നിലവിൽ ടാപ്പ് കണക്ഷനിലൂടെ വെള്ളം ലഭിക്കുന്നത് ഇതിൽ 3500 കുടുംബങ്ങൾക്കും ജനകീയ സൊസൈറ്റികളാണ് ജലം വിതരണം ചെയ്യുന്നത്. കിണറുകളും മറ്റു ജലസ്രോതസ്സുകളുമുള്ള പത്തു ശതമാനം കുടുംബങ്ങൾ ഒഴിച്ചാൽ ഏകദേശം നാലായിരത്തോളം കുടുംബങ്ങൾ ടാപ്പ് കണക്ഷനിലൂടെ കുടിവെള്ളമെത്തുന്ന പുതിയ പദ്ധതിക്കും 3500 കുടുംബങ്ങൾ ശുദ്ധീകരിച്ച ജലത്തിനും ആവശ്യക്കാരാണ്.
പ്രധാന ജലസ്രോതസ്സായ മീനച്ചിലാറ്റിൽ വേനലിന്റെ ആരംഭത്തിൽ ഒഴുക്ക് നിലക്കുകയും ജനുവരി-ഫെബ്രുവരി മാസങ്ങളിൽ തന്നെ വറ്റിവരളുകയും ചെയ്യുന്നതിനാൽ വാട്ടർ അതോറിറ്റിയും കുടിവെള്ള വിതരണ സൊസൈറ്റികളും ഭാഗികമായാണ് ജലവിതരണം നടത്തുന്നത്. വാട്ടർ അതോറിറ്റിയുടെയും ജനകീയ ജലവിതരണ പദ്ധതികളുടെയും ജലസ്രോതസ്സായ കിണറുകൾ സ്ഥാപിച്ചിട്ടുള്ളത് പുഴകളുടെ സമീപത്താണ്. ആറ്റിലെ വെള്ളത്തിന്റെ തോത് അനുസരിച്ചാണ് കിണറുകളിൽ വെള്ളം കുറയുന്നതും ഉയരുന്നതും. ജലദൗർലഭ്യം രൂക്ഷമാകുമ്പോൾ ചെക്ക് ഡാമിൽ കെട്ടിക്കിടക്കുന്ന മാലിന്യം കലർന്ന ദുർഗന്ധമുള്ള വെള്ളമാണ് വിതരണം ചെയ്യുന്നത്.
അഞ്ചു പതിറ്റാണ്ടുകൾക്ക് മുമ്പ് വാട്ടർ അതോറിറ്റിയുടെ കീഴിൽ ആരംഭിച്ച മൂന്ന് പദ്ധതികളാണ് നിലവിലുള്ളത്. അതിൽ പ്രധാനപ്പെട്ടത് തേവരുപാറ ജലസേചന പദ്ധതിയാണ്. എന്നാൽ, ഇന്ന് അത് പേരിൽ മാത്രമായി. തുടക്കകാലത്ത് നാടിന്റെ പ്രതീക്ഷയായിരുന്നു ഈ പദ്ധതി. മീനച്ചിലാറ്റിൽ ഈലക്കയത്ത് കിണറും അതിനുമേൽ പമ്പ്ഹൗസും സ്ഥാപിച്ച് കാട്ടാമല കാരക്കാട് വഴി രണ്ടു കി.മീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് ഏറ്റവും ഉയരം കൂടിയ പ്രദേശമായ തേവരുപാറയിൽ ടാങ്കും സ്ഥാപിച്ച് ശുദ്ധജലം എത്തിക്കലായിരുന്നു പദ്ധതിയുടെ ഉദ്ദേശ്യം. ഈരാറ്റുപേട്ടക്കു പുറമേ തീക്കോയി പഞ്ചായത്തിലെ വെട്ടിപ്പറമ്പ്, ആനിയിളപ്പ്, ഞണ്ടുകല്ല്, തലപ്പലം പഞ്ചായത്തിലെ പ്ലാശനാൽ പനക്കപാലം ഉൾപ്പെടെ പ്രദേശത്തെ നൂറുകണക്കിനു ജനങ്ങൾക്ക് പദ്ധതി ആശ്വാസകരമായിരുന്നു. തുടക്കത്തിൽ തീക്കായി, തലപ്പലം, ഈരാറ്റുപേട്ട പഞ്ചായത്തുകളിലായി എണ്ണൂറോളം കണക്ഷനുകളും 180 പൊതുടാപ്പുകളും ഉണ്ടായിരുന്നു. കാലോചിത അറ്റകുറ്റപ്പണികളുടെ അഭാവം മൂലം കൃത്യമായി വെള്ളം ലഭിക്കാതായതോടെ ഭൂരിപക്ഷം പേരും കണക്ഷനുകൾ വിച്ഛേദിക്കാൻ നിർബന്ധിതരായി. പൈപ്പ് പൊട്ടലും ചോർച്ചയും തുടർക്കഥയായി. ഇങ്ങനെ സംഭവിക്കുന്നിടത്തുവെച്ച് കണക്ഷൻ അവസാനിപ്പിക്കുന്ന വിചിത്ര രീതിയാണ് ജല അതോറിറ്റി സ്വീകരിച്ചത്. 2011ലാണ് കാലപ്പഴക്കത്താൽ പമ്പ്ഹൗസ് തകർന്നുവീണത്. കിണറ്റിൽ സ്ഥാപിച്ച 40 ഹോഴ്സ് പവറിന്റെ രണ്ട് മോട്ടോർ ഉൾപ്പെടെ വെള്ളത്തിലായി. ഇതുവഴി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്.
25 വർഷങ്ങൾക്ക് മുമ്പ് കടുത്ത വേനലിൽ കിണറ്റിൽ വെള്ളം ഇല്ലാതായപ്പോൾ, ആറ്റിലെ വെള്ളം നേരിട്ട് കിണറ്റിലേക്കിറക്കാൻ അടിഭാഗത്ത് ദ്വാരം ഇട്ടതിനാലാണ് കിണറിന് ബലക്ഷയം സംഭവിച്ചത്. പദ്ധതിയുടെ പുനരുദ്ധാരണത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കാനും ജനങ്ങൾ മുട്ടാത്ത വാതിലുകൾ കുറവാണ്. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലും സുതാര്യകേരള പദ്ധതിയിലും ജലവിഭവ മന്ത്രിമാരായിരുന്ന എൻ.കെ. പ്രേമചന്ദ്രൻ, പി.ജെ. ജോസഫ് എന്നിവർക്കും ഐ.ടി മന്ത്രി കുഞ്ഞാലിക്കുട്ടിക്കും ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കും പല സന്ദർഭങ്ങളിൽ നിവേദനം സമർപ്പിച്ചതാണ്.
ജല അതോറിറ്റിയുടെ പദ്ധതി ജീർണാവസ്ഥയിലായതോടെ 23 ലധികം ജനകീയ കുടിവെള്ള പദ്ധതികളാണ് ആരംഭിച്ചത്. ഇതോടെ വാട്ടർ അതോറിറ്റി ഈ രംഗത്തുനിന്ന് പൂർണമായി പിന്മാറി. 5000 മുതൽ 10,000 രൂപ വരെ മുടക്കിയാൽ മാത്രമേ ഏതെങ്കിലും ജനകീയ കുടിവെള്ള പദ്ധതികളിൽനിന്ന് കണക്ഷൻ ലഭിക്കൂ. അങ്ങനെ എടുക്കുന്ന കണക്ഷനുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ചുരുങ്ങിയ മണിക്കൂറുകൾ മാത്രമാണ് വെള്ളം ലഭിക്കുന്നത്. ഇത് പലപ്പോഴും ആവശ്യത്തിന് തികയാറുമില്ല. ഈരാറ്റുപേട്ടയിൽ സമഗ്രമായി വെള്ളം വിതരണം ചെയ്യാൻ കഴിയുന്ന ട്രീറ്റ്മെന്റ് പ്ലാന്റോടുകൂടിയ വൻ പദ്ധതിക്കു വേണ്ടിയുള്ള മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. അപേക്ഷകളുമായി മന്ത്രി മന്ദിരങ്ങൾ കയറിയിറങ്ങുമ്പോൾ എങ്ങോ നടക്കാനിരിക്കുന്ന വൻ പദ്ധതിയുടെ പേര് പറഞ്ഞ് മടക്കി അയക്കാറായിരുന്നു പതിവ്. എന്നാൽ, മലങ്കര ഡാമിൽനിന്ന് വെള്ളം കൊണ്ടുവന്ന് നീലൂരിൽ ആധുനിക സംവിധാനത്തിൽ ശുദ്ധീകരിച്ച് മുനിസിപ്പാലിറ്റിയുടെ നാല് അതിരുകളിലുള്ള കടനാട്, രാമപുരം, ഭരണങ്ങാനം, മീനച്ചിൽ, മൂന്നിലവ്, മേലുകാവ്, തിടനാട്, തലനാട്, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ തുടങ്ങിയ 13 പഞ്ചായത്തുകളിൽ വെള്ളം എത്തിക്കുന്ന ഏറ്റവും പുതിയ മലങ്കര മീനച്ചിൽ പദ്ധതിയിൽനിന്ന് നഗരസഭയെ ഒഴിവാക്കി.
അമൃത് പദ്ധതിയിൽ വിവിധ മുനിസിപ്പാലിറ്റികൾക്ക് 2300 കോടിയോളം അനുവദിച്ചെങ്കിലും ഈരാറ്റുപേട്ടക്ക് എട്ടുകോടി മാത്രമാണ് ലഭ്യമായത്. പരമാവധി 20 കോടി അധികമായി അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും സമഗ്ര കുടിവെള്ള പദ്ധതിക്ക് 128 കോടി ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. പ്രാഥമികമായി 43 കോടിയെങ്കിലും അനുവദിച്ചാലെ പദ്ധതി ഏറ്റെടുക്കാൻ കഴിയൂ എന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്.
"ഈരാറ്റുപേട്ടയുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം മലങ്കര പദ്ധതി അല്ല. മീനച്ചിലാറിനെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തി വർഷകാലത്ത് വെള്ളം തുറന്നുവിടുകയും വേനൽക്കാലത്ത് പുഴയിൽ വെള്ളം നിറക്കുകയും ചെയ്യാൻ കഴിയുന്ന റഗുലേറ്റർ കം ബ്രിഡ്ജ് പോലുള്ള പദ്ധതികൾ നടപ്പാക്കുകയാണ് വേണ്ടത്" -കെ.എം. സുലൈമാൻ (പരിസ്ഥിതി പ്രവർത്തകൻ)
'ഈരാറ്റുപേട്ട നഗരസഭയുടെ കുടിവെള്ള പരിഹാരത്തിനുള്ള ശാശ്വത പരിഹാരമാണ് മലങ്കര ജലസേചന പദ്ധതി. വരാനിരിക്കുന്ന ഭാവി തലമുറയെയും കൂടി പരിഗണിച്ച് ഈരാറ്റുപേട്ട നഗരസഭയും കൂടി ഇതിൽ ഉൾപ്പെടുത്തി ഈ പദ്ധതി നടപ്പാക്കണം"-നൗഫൽ ഖാൻ(പൊതുപ്രവർത്തകൻ, ഈരാറ്റുപേട്ട)
"ഈരാറ്റുപേട്ടയുടെ സമഗ്ര കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ആത്മാർഥ പരിശ്രമം നടത്താൻ കഴിഞ്ഞിട്ടുണ്ട്. മലങ്കര മീനച്ചിൽ പദ്ധതിയിൽ മറ്റു പഞ്ചായത്തുകൾക്കുള്ള അതേ പരിഗണന ഈരാറ്റുപേട്ട നഗരസഭക്കും നൽകി കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണം"- മുഹമ്മദ് ഷെരീഫ് (കുന്നറാം കുന്നേൽ ഈരാറ്റുപേട്ട)
(തുടരും....)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.