ഈരാറ്റുപേട്ട: മൂന്നിലവ് ടൗണിലെ കാത്തിരിപ്പ് കേന്ദ്രവും പൊതുകിണറും സ്വകാര്യവ്യക്തിക്ക് പോക്കുവരവ് ചെയ്ത് നൽകാന് നിർദേശം നൽകി ഭൂരേഖ തഹസില്‍ദാർ. മൂന്നിലവ് ടൗണിന്റെ ഹൃദയഭാഗത്താണ് കാത്തിരിപ്പ് കേന്ദ്രവും തൊട്ടുപിന്നില്‍ പൊതുകിണറുമുള്ളത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രദേശവാസി പഞ്ചായത്തിന് വിട്ടുനല്‍കിയ അഞ്ച് സെന്റ് സ്ഥലത്താണ് ഇത് രണ്ടും സ്ഥിതിചെയ്യുന്നത്. എന്നാല്‍, ഈ സ്ഥലം പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്താൻ കാലങ്ങളായുള്ള ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് ഇതിനോട് ചേര്‍ന്നുള്ള സ്ഥലം വാങ്ങിയ ആൾ പോക്കുവരവ് ചെയ്ത് നൽകാന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാറെ സമീപിച്ചത്. പൊതുമുതലായതിനാൽ ഹിയറിങ്ങില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥന് ഹാജരായെങ്കിലും ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ഈ സ്ഥലം സ്വകാര്യവ്യക്തിക്ക് പോക്കുവരവ് ചെയ്ത് നല്‍കുകയായിരുന്നു.
വാകക്കാട്, മങ്കൊമ്പ്, മേലുകാവ് അടക്കം വിവിധ സ്ഥലങ്ങളിലേക്കുള്ള ജനങ്ങള്‍ ബസ് കാത്തിരിക്കുന്ന കെട്ടിടമാണ് ഇതോടെ പൊളിക്കല്‍ ഭീഷണിയിലായത്. കിണര്‍ സമീപത്തെ വ്യാപാരികളും പൊതുജനങ്ങളും ഉപയോഗിക്കുന്നതുമാണ്. പഞ്ചായത്തിന്റെ ആസ്തിവകകള്‍ സംരക്ഷിക്കുന്നതില്‍ ഭരണസമിതി പരാജയപ്പെട്ടതായി ഇടത് അംഗങ്ങള്‍ ആരോപിച്ചു. അതേസമയം, വസ്തു കൈമാറിയ സമ്മതപത്രം പഞ്ചായത്തിന് കൈവശമുണ്ടെന്നും രേഖകള്‍ ഹാജരാക്കുന്നതില്‍ ഉദ്യോഗസ്ഥന് പിഴവ് പറ്റിയതായും പഞ്ചായത്ത് പ്രസിഡന്റ് പി.എല്‍. ജോസഫ് പറഞ്ഞു. ആര്.ഡി.ഒക്ക് അടക്കം അപ്പീല്‍ നൽകിയതായും പഞ്ചായത്തിന്റെ ആസ്തി ഒരു കാരണവശാലും നഷ്ടപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ ആരോപണം മാത്രമാണ് ഇടതുപക്ഷത്തിന്റേതെന്നും പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.