ഈരാറ്റുപേട്ട: ആർത്തലച്ചുവന്ന മലവെള്ളം പുഴയും തോടും നിറച്ച് കിടപ്പാടങ്ങളിലേക്ക് ഇരച്ചെത്തിയപ്പോഴും ശുദ്ധജലമില്ലാതെ നൂറുകണക്കിന് പേർ പ്രയാസത്തിൽ. ആറ്റിലെ വെള്ളം കൈത്തോടുകളിലൂടെ കയറി വന്നപ്പോൾ ആദ്യം മൂടിയത് കിണറുകളാണ്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ ഒരു കിണറ്റിൽനിന്ന് 20ൽ അധികംവരെ മോട്ടോറുകൾ ഘടിപ്പിച്ച് വെള്ളം ശേഖരിക്കുന്നവരുണ്ട്. അവരുടെ കുടിവെള്ളമാണ് കൂടുതലും മുടങ്ങിയത്. ആറ്റിൽ ജലനിരപ്പ് താഴാത്തതും മഴ തോരാതെ നിൽക്കുന്നതും മൂലം കിണറുകൾ വൃത്തിയാക്കാൻ വീട്ടുകാർ ശ്രമിക്കാറില്ല.
നഗരസഭയിലെ താഴ്ന്ന പ്രാദേശങ്ങളായ മുരുക്കോലി, മാതാക്കൽ, പൊന്തനാപറമ്പ് പ്രദേശങ്ങൾക്ക് പുറമെ ഏഴ്, 11, 20, 21 ഡിവിഷനുകളിലെ ഏകദേശം നൂറോളം സ്വകാര്യ കിണറുകളാണ് വെള്ളത്തിനടിയിലായത്. കൂടാതെ ഈ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പത്തോളം ജനകീയ ജലസേചന പദ്ധതികളുടെ പൊതുകിണറുകളിലെ ശുദ്ധജലവും മലിനമായി. ഇതും കുടിവെള്ളം മുടങ്ങാനുള്ള മറ്റൊരു കാരണമാണ്. ആറ്റുതീരത്ത് സ്ഥാപിച്ചിരുന്ന ജലസേചന പദ്ധതികളുടെ മോട്ടോറുകൾ വെള്ളംകയറി തകരാറിലായതും ഇവർക്ക് തിരിച്ചടിയായി.
നഗരസഭയുടെ ജലസേചന പദ്ധതികളുടെ കിണറുകളെല്ലാം ആറിന്റെ തീരത്താണ് നിർമിച്ചിരിക്കുന്നത്. വലിയ മോട്ടോറുകളായതിനാൽ ശരിയാക്കി എടുക്കാനും കാലതാമസം വരും. നിലവിൽ പണംകൊടുത്ത് കുടിവെള്ളം വാങ്ങേണ്ട അവസ്ഥയിലാണ്ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.