ഈരാറ്റുപേട്ട: പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന തലനാട്ടിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ സന്ദർശനം. വെള്ളിക്കുളം ഇഞ്ചപ്പാറയിൽ കഴിഞ്ഞദിവസമുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മംഗളഗിരി,ചാമപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ 30ലധികം വീടുകളിൽ വെള്ളം കയറിയിരുന്നു. ഇവിടം സംഘം സന്ദർശിച്ചു. എട്ടാം വാർഡിലെ കമ്പനിപ്പടി പ്രദേശത്ത് സ്ഥിരമായി വെള്ളം കയറുന്ന 24 വീടുകളും ദുരന്ത നിവാരണ അതോറിറ്റി ഉദ്യേഗസ്ഥർ സന്ദർശിച്ചു.
കഴിഞ്ഞ ജൂലൈയിൽ തലനാട് പഞ്ചായത്തിലെ ആറാം വാർഡ് പേര്യമലയുടെ മുകളിൽനിന്ന് കൂറ്റൻ പാറ ഉരുണ്ടുവീണ് പ്രദേശത്തെ വീടിനും കൃഷിക്കും നാശം സംഭവിച്ചിരുന്നു. പാറയുടെ ബാക്കി ഭാഗം അപകടകരമായി നിൽക്കുന്നുണ്ട്. ഇത് താഴ്ഭാഗത്ത് താമസിക്കുന്ന വീടുകൾക്ക് ഭീഷണിയാണ്. ഇതിന്റെ വിവരങ്ങളും ദുരന്തനിവാരണ അതോറിറ്റി ശേഖരിച്ചു. കഴിഞ്ഞ വർഷം തലനാട് പഞ്ചായത്തിലെ ആറ്,എഴ്, എട്ട് വാർഡുകളിലുണ്ടായ ഉരുൾ പൊട്ടലിൽ കനത്ത നാശമാണ് ഉണ്ടായത്. ഇതടക്കം തലനാട് പഞ്ചായത്തിൽ സ്ഥിരമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ കുറിച്ച് പഠിക്കാനാണ് സംഘം എത്തിയത്.
അടുക്കം ഗവ.ഹൈസ്കൂളിൽ റവന്യൂ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നതിനു ശേഷമാണ് സംഘം ദുരിത ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയത്.
ജിയോളജി സയന്റിസ്റ്റുകളായ ഡോ. എസ്. ബിജിത്ത്, ഡോ.എസ്.പ്രദീക്ഷ്, അനശ്വരാ ദേവി എന്നിവരോടെപ്പം ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, മെംബർമാരായ ഷം ല ഹനീഫ, ആശ റിജു, വത്സമ്മ ഗോപിനാഥ് എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.