ഈരാറ്റുപേട്ട: ഒരു നാട് മുഴുവൻ പ്രതീക്ഷയോടെ കാത്തിരുന്നിട്ടും പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തി റിസ്വാന മോൾ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. തലപ്പലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന വെള്ളൂ പറമ്പിൽ സിയാദിന്റെ ഏക മകളും മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ റിസ്വാന ( 14 ) യാണ് ശനിയാഴ്ച ഉച്ചയോടെ എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ മരണത്തിന് കീഴടങ്ങിയത്.
ഇടക്കിടെയുള്ള തലവേദനയും കണ്ണു വേദനക്കുമാണ് ചികിത്സ തുടങ്ങിയത്. വിദഗ്ധ പരിശോധനയിൽ ബ്രെയിൻ ട്യൂമറാണെന്ന് കണ്ടെത്തി. പത്ത് ലക്ഷം ചെലവ് വരുന്ന മൂന്ന് ശസ്ത്രക്രിയ അടിയന്തിരമായി ചെയ്യണമെന്നാണ് ആശുപത്രി അധികൃതർ നിർദേശിച്ചത്. കൂലിവേലക്കാരനായ സിയാദിനെ കൊണ്ട് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ചികിത്സച്ചെലവ്. റിസ്വാനയുടെ ജീവൻ നിലനിർത്താൻ നാട് ഒന്നായി സിയാദിനൊപ്പം കൈ കോർത്തു.
തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥിന്റെയും റിയാസ് മൗലവിയുടെയും ഈരാറ്റുപേട്ട നഗരസഭയിലെ പൗരപ്രമുഖരുടെയും നേതൃത്വത്തിൽ ചികിത്സ സഹായ നിധി ആരംഭിച്ചു. മണിക്കൂറുകൾ കൊണ്ട് പത്തുലക്ഷം രൂപ സ്വരൂപിച്ച് ശസ്ത്രക്രിയ നടത്തി. ചികിത്സ കഴിഞ്ഞ് അന്നു മുതൽ കുട്ടി വെന്റിലേറ്ററിലായിരുന്നു.
തുടക്കത്തിൽ നേരിയ വ്യത്യാസം കണ്ടെങ്കിലും പിന്നീട് മരുന്നുകളോട് പ്രതികരിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഉണ്ടായ മകളെയാണ് മാതാപിതാക്കൾക്കു നഷ്ടമായത്. മൃതദേഹം വൈകീട്ട് ആറിന് സ്വന്തം സ്കൂളായ എം.ജി.എച്ച്.എസിൽ പൊതുദർശനത്തിന് വെച്ച ശേഷം വീട്ടിലേക്ക് കൊണ്ട് പോയി. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കഴിവ് തെളിയിച്ച റിസ്വാന കുട്ടികൾക്കിടയിലെ സൗമ്യ സാന്നിധ്യമായിരുന്നു.
പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാൻ നേരം വൈകിയും കുട്ടികൾ സ്കൂളിൽ കാത്ത് നിന്നു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, സ്കൂൾ മാനേജർ എം.കെ. ഫരീദ്, പ്രിൻസിപ്പൽ ഫൗസിയ ബീവി, ഹെഡ് മിസ്ട്രസ് എം.പി. ലീന, എം. എഫ്. അബ്ദുൽ ഖാദർ, എം.ഇ.ടി. ചെയർമാൻ അഫ്സൽ പർവിൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാത്രി ഒമ്പതോടെ പുത്തൻ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.