ഈരാറ്റുപേട്ട: അനാഥരായ രണ്ട് പൈതങ്ങൾക്ക് കാരുണ്യഭവനമൊരുക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് കാരക്കാട് ഗ്രാമം. തൊഴിൽ ആവശ്യത്തിനായി എട്ടു വർഷങ്ങൾക്ക് മുമ്പ് ഈരാറ്റുപേട്ട കാരക്കാട് വന്ന് വാടകവീട്ടിൽ താമസം തുടങ്ങിയതാണ് രമ്യയുടെ കുടുംബം. രമ്യക്ക് പിടിപെട്ട അസുഖത്തെ തുടർന്ന് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഭർത്താവ് നാടുവിട്ടു. എട്ട് വയസ്സുള്ള ആദിത്യനും 13 വയസ്സുള്ള അക്ഷരയും പ്രായമായ മുത്തശ്ശിയുമാണ് കൂടെയുള്ളത്. സാമ്പത്തിക പ്രയാസത്തിൽ കഴിയുന്നതിനിടയിലാണ് രമ്യക്ക് അർബുദം പിടിപെട്ടത്.
ഭക്ഷണത്തിനും മരുന്നിനും ശേഷം വാടക നൽകാൻ നിവർത്തിയില്ലാതെ വീട് വിട്ടൊഴിയേണ്ട സാഹചര്യത്തിലാണ് പരിസരവാസികൾ കുടുംബത്തിെൻറ ദയനീയത അറിയുന്നത്. രോഗം കലശലായതിനെ തുടർന്ന് അധികം വൈകാതെ രമ്യ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
രമ്യയുടെ മരണത്തോടെ പകച്ചുപോയ മക്കളെയും മുത്തശ്ശിയെയും നാട്ടുകാർ കൈവിട്ടില്ല. നിർധനകുടുംബത്തിന് ഇവിടെതന്നെ സ്ഥിരതാമസത്തിന് സൗകര്യം ഒരുക്കാനുള്ള പ്രവർത്തനത്തിലാണ് നാട്ടുകാർ. സ്വന്തമായൊരു വീട് വാങ്ങി നൽകുന്നതിനുള്ള പ്രവർത്തനത്തിനാണ് ഒന്നാംഘട്ട പരിശ്രമം. അതിനായി പ്രദേശവാസികൾ ചേർന്ന് ദയ വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ച് അതിൽനിന്ന് ജനകീയ കമ്മറ്റിയെടുത്ത് ഇതിെൻറ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രക്ഷാധികാരികളായി വാർഡ് കൗൺസിലർ സുനിൽ കുമാർ, കാരക്കാട് സ്കൂൾ മാനേജർ കെ.എ. മുഹമ്മദ് അഷറഫ്, സെയ്തുകുട്ടി വെള്ളൂപറമ്പിൽ എന്നിവരെ ചുമതലപ്പെടുത്തി.
ചെയർമാൻ പരികൊച്ച് (മോനി) വെള്ളൂപറമ്പിൽ, കൺവീനർ ഫൈസൽ വെട്ടിയാംപ്ലാക്കൽ, ട്രഷറർ യൂസഫ് ഹിബ എന്നിവരുടെ നേതൃത്വത്തിലുള്ള കാരുണ്യഭവനം കമ്മിറ്റിയും ആരംഭിച്ചു. കരുണയുള്ളവരുടെ സഹായം അഭ്യർഥിക്കുകയാണ് നാട്ടുകാർ. യൂനിയൻ ബാങ്ക് ഈരാറ്റുപേട്ട ശാഖയിൽ 720102010006625 എന്ന സമ്പറിൽ ജോയന്റ് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.സി കോഡ്: UBIN0572012. ഗൂഗിൾ പേ നമ്പർ: 9947002389(യൂസഫ് വി.ഇ) ഫോൺ: 9947747901(കൺവീനർ ഫൈസൽ വെട്ടിയാം പ്ലാക്കൽ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.