ഈരാറ്റുപേട്ട: സംസ്ഥാന ബജറ്റിൽ 10 കോടി വകയിരുത്തിയിട്ടും മിനിസിവിൽ സ്റ്റേഷനായുള്ള ഈരാറ്റുപേട്ടയുടെ കാത്തിരിപ്പ് തുടരുന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ മിനിസിവിൽ സ്റ്റേഷനുകളൊന്നും നിലവിലില്ലാത്തത് കണക്കിലെടുത്താണ് 2022-23 സംസ്ഥാന ബജറ്റിൽ 10 കോടി വകയിരുത്തിയത്. മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമായാൽ വാടകയിനത്തിൽ സർക്കാറിന് ലക്ഷങ്ങൾ ലാഭിക്കാനാകും. എന്നാൽ, ആഭ്യന്തര വകുപ്പിന്റെ നിലപാടാണ് ഇപ്പോൾ പദ്ധതിക്ക് തിരിച്ചടിയായിരിക്കുന്നത്.
ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനോട് ചേർന്ന് നഗരഹൃദയത്തിൽ 2.80 ഏക്കർ ഭൂമിയാണ് സർക്കാർ ഉടമസ്ഥതയിലുള്ളത്. പൊലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്ന സ്ഥലം ഒഴിച്ച് ബാക്കിയുള്ള ഭൂമി മിനി സിവിൽ സ്റ്റേഷൻ പണിയാൻ ഉപയോഗിക്കണമെന്ന് സംസ്ഥാന നഗരാസൂത്രണ വകുപ്പ് പ്ലാനിങ് വിഭാഗം നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് കലക്ടർ ഈ ഭൂമി സിവിൽ സ്റ്റേഷന് അനുയോജ്യമാണെന്ന് ലാൻഡ് റവന്യൂ കമീഷണർക്കും റിപ്പോർട്ട് നൽകി.
പിന്നാലെ, കഴിഞ്ഞ വർഷം ഒക്ടോബറിൽ ലാൻഡ് റവന്യൂ കമീഷണറുടെ നേതൃത്വത്തിൽ കലക്ടറെയും ജില്ല പൊലീസ് മേധാവിയെയും പങ്കെടുപ്പിച്ച് ഓൺലൈനായി യോഗവും നടന്നു. ഇതിൽ 2.8 ഏക്കർ സ്ഥലത്തിലെ 1.4 ഏക്കറിൽ വില്ലേജ് ഓഫിസ് ഉൾപ്പെടെയുള്ള മിനി സിവിൽ സ്റ്റേഷനും അവശേഷിക്കുന്ന 1.4 ഏക്കർ സ്ഥലത്ത് പൊലീസ് സ്റ്റേഷനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി നീക്കിവെക്കാനായിരുന്നു തീരുമാനം.
എന്നാൽ, ഇത് അട്ടിമറിച്ച് ഈരാറ്റുപേട്ടയിൽ സിവിൽ സ്റ്റേഷൻ വരുന്നതിനെ എതിർത്ത് കോട്ടയം ജില്ല പൊലീസ് മേധാവി റിപ്പോർട്ട് നൽകുകയായിരുന്നു. വാസ്തവവിരുദ്ധമായ കാരണങ്ങൾ നിരത്തിയായിരുന്നു റിപ്പോർട്ട്. അതേസമയം, ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന് സമീപത്തായി പൊലീസ് ക്വാർട്ടേഴ്സ് സ്ഥിതിചെയ്തിരുന്ന 70 സെന്റ് സ്ഥലത്ത് സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിനെ പൊലീസ് എതിർത്തിട്ടുമില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞ ദിവസം ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന് ഭരണാനുമതിയും ലഭിച്ചിരുന്നു.
അതിനിടെ, വസ്തുതകൾക്ക് നിരക്കാത്ത ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പിൻവലിക്കണമെന്ന ആവശ്യം ശക്തമാണ്. ഈരാറ്റുപേട്ട തീവ്രവാദ പ്രശ്നം നിലനില്ക്കുന്ന സ്ഥലമാണെന്നും റിപ്പോര്ട്ടിൽ പരാമർശമുണ്ടായിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. നാടിനെയാകെ അപമാനിക്കുന്ന രീതിയിലാണ് റിപ്പോർട്ടിലെ പരാമർശങ്ങളെന്ന് നാട്ടുകാർ പറയുന്നു.
കേരളത്തിലെതന്നെ ഏറ്റവും കുറവ് ക്രൈം റേറ്റുള്ള പൊലീസ് സ്റ്റേഷനുകളിലൊന്നാണ് ഈരാറ്റുപേട്ടയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പ്രശ്നബാധിത പ്രദേശമെന്ന് ജില്ല പൊലീസ് മേധാവി റിപ്പോർട്ട് ചെയ്ത ഈരാറ്റുപേട്ട സ്റ്റേഷനിൽ 46 പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്. അതേസമയം, തൊട്ടടുത്ത പാലായിൽ 62 പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്. പ്രശ്നബാധിത പ്രദേശമാണെങ്കിൽ കൂടുതൽ പൊലീസുകാർ ഈരാറ്റുപേട്ടയിലല്ലേ ഉണ്ടാകേണ്ടതെന്ന ചോദ്യവും ഇവർ ഉയർത്തുന്നു.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട നഗരസഭയിൽ ചേർന്ന സർവകക്ഷി യോഗം ജില്ല പൊലീസ് മേധാവിയുടെ തെറ്റായ പരാമർശമുള്ള റിപ്പോർട്ട് പിൻവലിക്കണമെന്ന് ഐകകണ്ഠ്യേന ആവശ്യപ്പെട്ടിരുന്നു. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന് സമീപമുള്ള സർക്കാർഭൂമിയിൽ മിനി സിവിൽ സ്റ്റേഷൻ പണിയാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടിരുന്നു.
ഇതുസംബന്ധിച്ച നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും നഗരസഭാധ്യക്ഷ സുഹറ അബ്ദുൽഖാദറും ചേർന്ന് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.