ഈരാറ്റുപേട്ട: ട്രാഫിക് പരിഷ്കാരം താറുമാറായതോടെ ഈരാറ്റുപേട്ട നഗരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷം. നഗരത്തിലെ അനധികൃത പാർക്കിങ്ങും നടപ്പാതകളിലെ വഴിയോരക്കച്ചവടങ്ങളും കുരുക്ക് വർധിപ്പിക്കുന്നതായി യാത്രക്കാർ പറയുന്നു. ട്രാഫിക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസില്ലെന്നും പരാതിയുണ്ട്.
നൈനാർ പള്ളിക്ക് മുന്നിലെയും സെൻട്രൽ ജങ്ഷനിലെ കാഞ്ഞിരപ്പള്ളി റോഡിലെയും ബസ് സ്റ്റോപ്പുകളിൽ റോഡിന്റെ ഇരുവശത്തും അനധികൃത പാർക്കിങ് മൂലം ബസുകൾ ആളെ കയറ്റുന്നതും ഇറക്കുന്നതും റോഡിന്റെ മധ്യഭാഗത്താണ്. ഇതുമൂലം ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്.വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലങ്ങളിലും നടപ്പാതകളിൽ വരെയും പാർക്ക് ചെയ്യുന്നു. കാൽനടക്കാർക്കുള്ള നടപ്പാതകൾ വ്യാപാരികളും വാഹനങ്ങളും കൈയേറിയ അവസ്ഥയാണ്.
റോഡ് മുറിച്ച് കടക്കാൻ സീബ്രാ ലൈനുകൾ ഉണ്ടെങ്കിലും ഇതൊന്നും ഡ്രൈവർമാർ പരിഗണിക്കാറില്ല. മാർക്കറ്റ് റോഡിലും പൂഞ്ഞാർ റോഡിലും അരുവിത്തുറ പള്ളി ജങ്ഷനിലും കോളജ് റോഡിലുമാണ് ഗതാഗതക്കുരുക്ക് പതിവാകുന്നത്. കുരിക്കൾ നഗറിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ഇവിടെ വാഹനങ്ങൾ കടന്നുപോകുന്നത്. വാഹനങ്ങൾ തോന്നുന്നതുപോലെ കയറുന്നതും ഇറങ്ങുന്നതുമാണ് മാർക്കറ്റ് റോഡിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ഇതേ അവസ്ഥ തന്നെയാണ് കോളജ് റോഡിലും ഉള്ളത്. അരുവിത്തുറ പള്ളി ജങ്ഷനിൽ ഉണ്ടാകുന്ന കുരുക്ക് ഓഫിസുകളിലും കോടതിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തേണ്ടവർക്ക് ദുരിതമാണ് ഉണ്ടാകുന്നത്.
നഗരസഭ ഗതാഗത ഉപദേശക സമിതി ചേർന്ന് എടുക്കുന്ന തീരുമാനങ്ങൾ പൊലീസിന്റെ നിസ്സഹകരണംകൊണ്ട് നടപ്പാകുന്നില്ലെന്ന് ജനങ്ങൾ പരാതിപ്പെടുന്നു. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ട്രാഫിക് യൂനിറ്റ് ആരംഭിക്കണമെന്ന ആവശ്യവും ഉയർന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.