ഏറ്റുമാനൂർ: നഗരസഭയില്‍ വൈസ് ചെയര്‍മാനും അസി. എൻജിനീയറും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. വൈസ് ചെയര്മാൻ കെ.ബി. ജയമോഹനും അസി. എന്‍ജിനീയര്‍ എസ്.എം. ബോണിയും തമ്മിലാണ് കൈയാങ്കളി നടന്നത്. വൈസ് ചെയര്‍മാന്റെ വാര്‍ഡില്‍ സ്ട്രീറ്റ് ലൈറ്റ് ഇടുന്നതിന് അസി. എന്‍ജിനീയര്‍ സമ്മതിക്കാത്തതിനെ തുടർന്ന് തുടങ്ങിയ വാദപ്രതിവാദമാണ് സംഘട്ടനത്തിലെത്തിയത്.
മർദനത്തിൽ കർണപുടത്തിനും കാലിനും പരിക്കേറ്റ അസി. എന്‍ജിനീയർ ആദ്യം ഏറ്റുമാനൂര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ അസി. എന്‍ജിനീയറെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് വൈസ് ചെയര്മാൻ ഏറ്റുമാനൂര്‍ ആശുപത്രിയില്‍ ചികിത്സ തേടി. നഗരസഭയിലെ മറ്റുള്ള വാര്‍ഡുകളില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചെങ്കിലും തന്റെ വാര്‍ഡില്‍ ലൈറ്റ് സ്ഥാപിക്കാന്‍ അസി. എന്‍ജിനീയര്‍ സമ്മതിച്ചില്ലെന്നാണ് വൈസ് ചെയര്‍മാന്റെ ആരോപണം.
ഇതേ ചൊല്ലിയാണ് ഇരുവരും വാക്തര്‍ക്കം തുടങ്ങിയത്. 20ാം വാര്‍ഡില്‍ ലൈറ്റ് ഇട്ടശേഷം 21ാം വാര്‍ഡ് ഒഴിവാക്കി 22ാം വാര്‍ഡില്‍ ലൈറ്റിട്ടു. 21ാം വാര്‍ഡ് ഒഴിവാക്കിയ കാരണം അന്വേഷിച്ചപ്പോള്‍ വിജിലന്‍സില്‍ പരാതി നല്കിയിരിക്കുന്നതിനാല് 21ാം വാര്‍ഡില്‍ ലൈറ്റ് സ്ഥാപിക്കേണ്ടതില്ലെന്ന് അസി. എന്‍ജീനിയര്‍ നിർദേശം നല്‍കിയാതായി അറിഞ്ഞു എന്നാണ് വൈസ് ചെയര്മാന് പറയുന്നത്.
എന്നാല്‍, 21ാം വാര്‍ഡില്‍ ലൈറ്റ് സ്ഥാപിക്കേണ്ടെന്ന് നഗരസഭ ചെയര്‍പേഴ്സണാണ് തനിക്ക് നിർദേശം നല്‍കിയതെന്നും ഒരു പ്രകോപനവുമില്ലാതെ വൈസ് ചെയര്മാന് തനിക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും അസി. എന്‍ജിനീയര്‍ പറഞ്ഞു.
ഏറ്റുമുട്ടൽ സംബന്ധിച്ച് ഇരുവരും ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്കി. നഗരസഭയില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വൈസ് ചെയര്മാന് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.