കോട്ടയം: നഗരത്തിലെ പക്ഷികളും വേനല്‍ ചൂടില്‍ മരങ്ങളുടെ ഇടങ്ങളിലേക്ക് ചുരുങ്ങിയതായി സർവേ റിപ്പോര്‍ട്ട്. ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസിന്റെ നേതൃത്വത്തില്‍ പക്ഷി നിരീക്ഷകര്‍, വിദഗ്ധര്‍, ജൂനിയര്‍ നാച്വറലിസ്റ്റുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ 40 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്.
മുന്‍ വര്‍ഷങ്ങളിലെക്കാള്‍ പക്ഷി വൈവിധ്യത്തില്‍ നേരിയ കുറവുണ്ടായെങ്കിലും വേനല്‍ ചൂടിന്റെ ആഘാതത്തില്‍ തണലിലേക്ക് ഒതുങ്ങിയതാണ് കാരണം. നഗരത്തെ ആറ് സെക്ടറായി തിരിച്ച് നടത്തിയ സർവേയില്‍ ഏറ്റവുമധികം പക്ഷികളെ കണ്ടെത്തിയത് ഈരയിൽകടവിലും രണ്ടാമത് സി.എം.എസ് കോളജ് കാമ്പസിലുമാണ്.
ചിന്നക്കുട്ടുറുവാന്, നാട്ടുമൈന, കാക്കകള്‍, ആനറാഞ്ചി, കാക്കത്തമ്പുരാട്ടി, അമ്പലപ്രാവ് എന്നിവയാണ് നഗരത്തില്‍ ഏറ്റവും അധികമായി കണ്ടത്. ജലപ്പക്ഷികളായ, ചായമുണ്ടി, ചേരക്കോഴി, നീലക്കോഴി എന്നിവയെയും നഗരങ്ങളില്‍ വിരളമായി കണ്ടുവരുന്ന കായലാറ്റയെയും ചുവന്ന നെല്ലിക്കോഴിയെയും കണ്ടെത്താനായി.
നാഗമ്പടത്തെ കൊറ്റില്ലങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായി കണ്ടെത്തി. ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത്, എന്‍.ബി. ശരത് ബാബു, ടോണി ആന്റണി, എം.എന്‍. അജയകുമാര്‍, ഷിബി മോസസ്, അനൂപ മാത്യൂസ്, തോമസ് യാക്കൂബ് എന്നിവര്‍ നേതൃത്വം നൽകി. ടൈസിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വേയില്‍ നാല്പതോളം പേര് പങ്കെടുത്തു.
കോട്ടയം: കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം തിങ്കളാഴ്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 38.5 ഡിഗ്രി. 2020 മാര്‍ച്ച് 18ന് അനുഭവപ്പെട്ട 38.6 ഡിഗ്രി സെല്‍ഷ്യസാണ് കോട്ടയത്തെ സമീപകാലത്തെ റെക്കോഡ് ചൂട്. 2019 മാര്‍ച്ച് 27, 2018 മാര്‍ച്ച് 13 തീയതികളില്‍ ചൂട് 38.5 ഡിഗ്രിയുണ്ടായിരുന്നു. ശനിയാഴ്ച 37 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്.
മേയ് രണ്ടുവരെ പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രിവരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ജില്ലയിലെ ഓട്ടോമേറ്റഡ് വെതർസ്റ്റേഷനിൽ വൈക്കത്താണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത് -38.5. ജില്ലയിൽ കോട്ടയം, കുമരകം, വടവാതൂർ, പൂഞ്ഞാർ, വൈക്കം എന്നിങ്ങനെ അഞ്ചിടത്താണ് ഓട്ടോമേറ്റഡ് വെതർസ്റ്റേഷനുകളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.