അതിരമ്പുഴ: എം.ജി സര്‍വകലാശാല കാമ്പസിലെ ഹോസ്റ്റലുകളില്‍ പനിപടരുന്നതായി കണ്ട സാഹചര്യത്തില്‍ പ്രതിരോധ പരിപാടികളുടെ ഭാഗമായി 30വരെ ഹോസ്റ്റലുകള്‍ അടച്ചിടാന്‍ തീരുമാനമായി. സ്കൂള്‍ ഓഫ് ലീഗല്‍ തോട്ട് വകുപ്പ് ഒഴികെ വകുപ്പുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നല്‍കും. ഒക്ടോബര്‍ മൂന്നിന് റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കോട്ടയം: എം.ജി സര്‍വകലാശാലയിലെ കൂട്ടപ്പനി ബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍. പ്രിയ. എഴുനൂറിലേറെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളില്‍നിന്നായി നാല്പതോളം പേരാണ് പനി ബാധിതരായി വീട്ടിലേക്കു പോയത്. അതിരമ്പുഴയിലെ ആരോഗ്യവിഭാഗം ജീവനക്കാര്‍ ഇവരുടെ വീടുകളില്‍ വിളിച്ച് അന്വേഷണം നടത്തിയിരുന്നു. സാധാരണ വൈറല്‍ പനി മാത്രമാണ് പടര്‍ന്നിരിക്കുന്നത്. ജില്ലയില്‍ പലയിടങ്ങളിലും ഡെങ്കി പ്പനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.
പനി ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്ന് അതിരമ്പുഴയിലെ എം.ജി സര്‍വകലാശാലയിലെ ഹോസ്റ്റലുകള്‍ ബുധനാഴ്ച താൽക്കാലികമായി അടച്ചിരുന്നു. 30 വരെയാണ് അടച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങളായി ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പലരും പനി ബാധിതരായി വീട്ടിലേക്കു പോയിരുന്നു. ഇതോടെയായിരുന്നു നടപടി.
ഇടവിട്ടു പെയ്യുന്ന മഴ പനിവ്യാപനത്തിനു കാരണമാകുന്നതായാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇത്തരം സാഹചര്യം കൊതുക് പെരുകാന്‍ കാരണമാകുന്നതിനാല്‍ പലയിടങ്ങളിലും ഡെങ്കിപ്പനിയും വര്‍ധിക്കുകയാണ്. ഒരാഴ്ചക്കിടെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 2496 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇക്കാലയളവില്‍ 11 പേര് ഡെങ്കിപ്പനി സംശയിച്ചു ചികിത്സ തേടിയപ്പോള്‍ രണ്ടു പേരില്‍ രോഗം സ്ഥിരീകരിച്ചു. നാലുപേര്‍ എലിപ്പനി സംശയിച്ചു ചികിത്സ തേടിയപ്പോള്‍ രണ്ടുപേരില്‍ രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ചെങ്കണ്ണ് രോഗം പടരുന്നതിനിടെയാണ് പനിയും വ്യാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.