കോട്ടയം: മീനച്ചിലാർ- മീനന്തറയാർ - കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി കൊടൂരാറ്റിലെ പോള നീക്കൽ അവസാനഘട്ടത്തിൽ. എക്കലും പോളയും പുല്ലും പടർന്ന് ഒഴുക്ക് നിലച്ച കൊടൂരാറ്റിൽ ബോട്ട് ഗതാഗതം നിലച്ചിരിക്കുകയാണ്.
വള്ളങ്ങൾക്ക് മറുകര പോലും കടക്കാനാവാത്തവിധം പോള തിങ്ങി, മത്സ്യത്തൊഴിലാളിക്ക് ഉപജീവനം മുടങ്ങി. കുടിവെള്ളം പോലും നിഷേധിക്കപ്പെട്ട പ്രദേശവാസികളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് ജനകീയ കൂട്ടായ്മ രംഗത്തിറങ്ങി കോട്ടയം പോർട്ടുമുതൽ കിഴക്കോട്ട് 10 ദിവസമായി യന്ത്രസഹായത്തോടെ ആറു തെളിക്കുകയാണ്. ഈ പ്രവർത്തനങ്ങൾക്കായി യന്ത്രത്തിനു ചെലവാകുന്ന തുക അതതുദിവസം ഒരോ സ്പോൺസർമാർ നേരിട്ട് നൽകുന്ന രീതിയാണ് അവലംബിക്കുന്നത്. സുമനസ്സുകളായ പ്രദേശവാസികളും വിവിധ സ്ഥാപനങ്ങളും ചേർന്നാണ് പ്രവർത്തനങ്ങൾക്കാവശ്യമായ പണം നൽകുന്നത്.
പ്രാദേശിക ജനകീയ കൂട്ടായ്മ കൺവീനർമാരാണ് ഏകോപിപ്പിക്കുന്നത്. കോടിമത ബോട്ട് ജെട്ടിക്കു സമീപം നടന്ന പുഴതെളിക്കൽ പ്രവർത്തനങ്ങളുടെയും പുഴയോര ജനകീയ സംഗമത്തിന്റെയും ഉദ്ഘാടനം കലക്ടർ വി. വിഘ്നേശ്വരി നിർവഹിച്ചു. ജനകീയ കൂട്ടായ്മയുടെ തുടർപ്രവർത്തനങ്ങളിൽ ജില്ല ഭരണകൂടത്തിന്റെ പിന്തുണയും പ്രഖ്യാപിച്ചു.
പദ്ധതി കോഓഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ, ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ് മേധാവി ഡോ. പുന്നൻ കുര്യൻ വെങ്കിടത്ത്, നാട്ടകം സർവിസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ എസ്.ഡി. രാജേഷ്, വാർഡ് കൗൺസിലർമാരായ ദീപമോൾ, ഷീല സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.