കോട്ടയം: ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സയിലിരുന്ന നഴ്സ് മരിച്ച സാഹചര്യത്തിൽ, ജില്ലയിൽ പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്. ബുധനാഴ്ച നടത്തിയ പരിശോധനയില്‍ വീഴ്ചകണ്ടെത്തിയ അഞ്ചുഭക്ഷണ വിതരണശാല പൂട്ടി. ലൈസന്‍സില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവര്‍ത്തിച്ച ഹോട്ടലുകളും തട്ടുകടകളുമാണ് പൂട്ടിയത്. മാമ്മൂട് ഫ്രണ്ട്സ് കാറ്ററിങ് ആൻഡ് റസ്റ്റാറന്റ്, മാമ്മൂട് ഫാസ്റ്റ് ഫുഡ്, ഏറ്റുമാനൂര്‍ പേമല പി.ജി. ഫുഡ് സര്‍വിസസ്, ഏറ്റുമാനൂര്‍ ജെബിന് റസ്റ്റാറന്റ്, പാലായിലെ ഒരു തട്ടുകട എന്നിവയാണ് പൂട്ടിയത്.
പാലായിലും വൈക്കത്തും മൂന്നു വീതവും ഏറ്റുമാനൂരില്‍ രണ്ടും സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കി. രണ്ടെണ്ണത്തിന് നോട്ടീസ് നല്കി. വിവിധയിടങ്ങളില്‍നിന്ന് സാമ്പിളും ശേഖരിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൂന്നു സ്ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ ഏഴ് സ്ഥാപനത്തിന് നോട്ടീസ് നൽകിയിരുന്നു. അടുത്ത ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
പുതിയ സംഭവങ്ങൾക്ക് പിന്നാലെ ഹോട്ടലുകൾക്കെതിരെ നിരവധി പരാതികൾ വകുപ്പിന് ലഭിക്കുന്നുണ്ട്. ഇതിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, എന്തെങ്കിലും സംഭവങ്ങളുണ്ടാകുമ്പോള്‍ മാത്രമാണ് പരിശോധന നടത്തുന്നതെന്ന ആക്ഷേപവും ശക്തമാണ്. മിക്ക ഹോട്ടലുകളും ഇവ പാചകം ചെയ്ത് വൈദഗ്ധ്യമുള്ളവരെ എത്തിച്ച് വൃത്തിയായ സാഹചര്യത്തില്‍ വിഭവങ്ങള്‍ ഒരുക്കുമ്പോള്‍ ലാഭം മാത്രം ലക്ഷ്യമിട്ട് ചിലര്‍ രംഗത്തെത്തുന്നതാണ് ആക്ഷേപങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് ഹോട്ടലുടമകളും പറയുന്നു.
പലയിടങ്ങളിലും കോഴിയിറച്ചി ഭക്ഷ്യയോഗ്യമല്ലെന്ന് വ്യാപക പരാതിയുണ്ട്. ചിലയിടങ്ങളിൽ കോഴി ഫാമുകളില്‍നിന്ന് ലഭിക്കുന്ന ചത്ത കോഴിയുടെ ഇറച്ചി ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. ചത്തകോഴിക്ക് വില പകുതി നല്കിയാല് മതി. ബാര്‍ബി ക്യൂവിനും അല്‍ഫാമിനും കുഴിമന്തിക്കും ഇത്തരം ഇറച്ചി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് പരാതി. മസാലയും മറ്റു ചേരുവകളും ചേര്‍ക്കുമ്പോള്‍ രുചി വ്യത്യാസം അനുഭവപ്പെടില്ല. അതിനാല്‍ ആരും ഇതിനെ ചോദ്യം ചെയ്യാറുമില്ല.
രണ്ടു മാസത്തിനുള്ളില്‍ കോഴി വില ക്രമാതീതമായി ഉയര്‍ന്നതോടെയാണ് അമിത ലാഭത്തിന് ചത്തകോഴിയെ ഫാമുകളില്‍നിന്ന് വാങ്ങാന്‍ തുടങ്ങിയതെന്നും പറയപ്പെടുന്നു. ചത്തകോഴിയെ ഉപയോഗിക്കുന്നെന്ന് മാത്രമല്ല ഇറച്ചി നല്ല രീതിയില്‍ വേവിക്കുന്നില്ലെന്നും പരാതിയുണ്ട്. ചിലയിടങ്ങളിൽ തുറസ്സായ, വൃത്തിഹീനമായ സ്ഥലത്താണ് പാചകം.
അന്തർ സംസ്ഥാന തൊഴിലാളികളാണ് മിക്ക ഹോട്ടലുകളിലും മന്തിയുടെയും അല്‍ഫാമിന്റെയും പാചകക്കാര്‍. ഇവരിൽ പലർക്കും ഭക്ഷ്യസുരക്ഷ നിയമം നിഷ്കര്‍ഷിക്കുന്ന മാനദണ്ഡമില്ലെന്നും ആരോപണമുണ്ട്. ഇവിടങ്ങളില്‍നിന്ന് ലഭിക്കുന്ന മയോണൈസിനെതിരെയും പരാതി വ്യാപകമാണ്.
ഭക്തർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി; എരുമേലിയിൽ രണ്ട് ഹോട്ടൽ അടപ്പിച്ചു
എരുമേലി: അയ്യപ്പഭക്തർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതിയുയർന്ന സാഹചര്യത്തിൽ എരുമേലിയിലെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. രേഖകൾ ഇല്ലാതെ വൃത്തിഹീനമായി പ്രവർത്തിക്കുകയും പഴകിയ സാധനങ്ങൾ കണ്ടെടുക്കുകയും ചെയ്ത സാഹചര്യത്തിൽ എരുമേലി ടൗണിലെ രണ്ട് ഹോട്ടൽ അടപ്പിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. ഷാജിമോന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എരുമേലിയിൽനിന്ന് ഭക്ഷണം കഴിച്ച അയ്യപ്പഭക്തർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സന്നിധാനത്തുനിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്നായിരുന്നു മിന്നൽ പരിശോധന. ഭക്തർക്കായി വിളമ്പിയ ചമ്മന്തി, കിഴങ്ങുകറി, പഴകിയ എണ്ണ ഉപയോഗിച്ച് ഉണ്ടാക്കിയ പൂരി എന്നിവയിൽനിന്നുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയിക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
എരുമേലിയിലും പരിസരത്തും 56ൽപരം താൽക്കാലിക ഹോട്ടലുകളിൽ പരിശോധന നടത്തുകയും ഹെൽത്ത്കാർഡ് എടുക്കാതെയും ആരോഗ്യവകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും പ്രവർത്തിച്ചിരുന്ന നാലു കടക്ക് നോട്ടീസ് നൽകുകയും ചെയ്തു.
കാനനപാതയിൽ ഉൾപ്പെടെ പരിശോധന ശക്തമാക്കിയതായി ഹെൽത്ത് ഓഫിസർ അറിയിച്ചു. പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗോപകുമാർ, സജിത്, പ്രശാന്ത്, ജിതിൻ, ജോസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.