കോട്ടയം: ഫണ്ടുണ്ട്, എസ്റ്റിമേറ്റുമായി, കരാറുകാരനും തയാർ. എന്നിട്ടും ജില്ല ജനറൽ ആശുപത്രിക്കകത്തെ തകർന്ന റോഡിന് ശാപമോക്ഷമായില്ല. ഇതുസംബന്ധിച്ച റിക്വസ്റ്റ് കിട്ടിയാൽ പണി തുടങ്ങാമെന്നാണ് ജില്ല പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം പറയുന്നത്. രണ്ടാഴ്ച പിന്നിട്ടിട്ടും റിക്വസ്റ്റ് നൽകാൻ ആശുപത്രി അധികൃതർ തയാറായിട്ടില്ല. സെക്ഷനിൽ ആളില്ലെന്നതാണ് കാരണമായി പറയുന്നത്. എട്ടുമാസം മുമ്പാണ് ജില്ല പഞ്ചായത്ത് റോഡിന് പത്തുലക്ഷം രൂപ അനുവദിച്ചത്. തകർന്നു തരിപ്പണമായ റോഡ് ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ ജില്ല പഞ്ചായത്തിന് കത്ത് നൽകിയിരുന്നു.
സ്ഥലം കാണാനെത്തിയ എക്സിക്യൂട്ടിവ് എൻജിനീയർ വെറുതെ ടാറിങ് നടത്തിയതുകൊണ്ട് പ്രയോജനമില്ലെന്ന് റിപ്പോർട്ട് നൽകി. ഇറക്കമായതിനാൽ മഴവെള്ളം കുത്തിയൊലിക്കുന്ന ഇടമാണ് ഇത്. അതുകൊണ്ട് കുറച്ചുഭാഗം ടാറിങ്ങും കുറച്ചുഭാഗം ഇൻർലോക്ക് കട്ടയും ബാക്കി കോൺക്രീറ്റിങ്ങും വേണമെന്നാണ് നിർദേശം വന്നത്. എൻ.എച്ച്.എം ഓഫിസിലേക്ക് ഇറങ്ങുന്ന ഭാഗത്ത് കൈവരി പിടിപ്പിക്കാനും തീരുമാനിച്ചു. ഇതിനായി ആശുപത്രി അധികൃതർ പുതിയ റിക്വസ്റ്റ് നൽകണം. എന്നാൽ, സെക്ഷനിൽ ആളില്ലെന്ന കാരണം പറഞ്ഞ് ഇത് വൈകിക്കുകയാണ്. മറ്റൊരാളെ ഏൽപിച്ച് ഫയൽ തയാറാക്കാനും നടപടിയില്ല.
ആശുപത്രിയുടെ പിൻവശത്തെ കവാടത്തിലേക്കുള്ള റോഡാണ് പൂർണമായി തകർന്ന് തരിപ്പണമായത്. ഈ റോഡിലാണ് മോർച്ചറിയും എൻ.എച്ച്.എം ഓഫിസും ടി.ബി സെന്ററും ടി.പി.എം ഓഫിസുമടക്കം പ്രവർത്തിക്കുന്നത്. ഇന്‍സിനറേറ്ററും ലോൺട്രിയും ഈ ഭാഗത്താണ്. ടാറിങ് പൂർണമായി തകർന്ന് വലിയ കല്ലുകൾ മാത്രമാണ് അവശേഷിക്കുന്നത്. വാഹനങ്ങൾ കടന്നുപോവുമ്പോൾ സമീപത്തെ കെട്ടിടത്തിലേക്കു കല്ലുകൾ തെറിക്കുന്നതു പതിവാണ്.
ആശുപത്രി ജീവനക്കാർ പേടിച്ചാണ് മോർച്ചറിയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരുന്നത്. ഇരുചക്രവാഹനങ്ങളാണെങ്കിൽ തലയുംകുത്തി ടി.പി.എം ഓഫിസിന്റെ മുറ്റത്തെത്തും. കാലങ്ങളായി ഇതാണ് റോഡിന്റെ അവസ്ഥ. നിരവധി തവണ വാർത്ത വന്നിട്ടും പരാതികൾ ഉന്നയിച്ചിട്ടും അധികൃതർക്ക് കുലുക്കമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.