കോട്ടയം: ജില്ലയിലെ സർക്കാർ സർവീസിലുള്ള നാല് പ്രധാനപ്പെട്ട ഡോക്ടർമാർ സ്വകാര്യ ക്ലിനിക് നടത്തുന്നതായി കണ്ടെത്തൽ. സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ ‘ഓപറേഷൻ പ്രൈവറ്റ് പ്രാക്ടീസ്’ മിന്നൽ പരിശോധനയിലാണ് കണ്ടെത്തൽ. മെഡിക്കൽകോളജിലെ ഒന്നും സർക്കാർ സർവീസിലെ മറ്റ് മൂന്ന് ഡോക്ടർമാരുമാണ് ഇവർ. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പൂർണമായും നിരോധിച്ച് സർക്കാർ ഉത്തരവുണ്ട്. എന്നാൽ ഈ അധിക തുക കൈപ്പറ്റി ഒരു വിഭാഗം മെഡിക്കൽ കോളേജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
കൂടാതെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ആശുപത്രികളിലെ ഡോക്ടർമാർക്ക് താമസ സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താൻ പാടുള്ളൂവെന്നും, സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് നഴ്സിന്റെയോ, ടെക്നീഷ്യന്റെയോ സേവനം പ്രയോജനപ്പെടുത്താൻ പാടില്ലെന്നും, സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗികളെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് പരിശോധിക്കാൻ പാടില്ലെന്നും മറ്റുമുള്ള നിബന്ധനകൾക്ക് വിധേയമായി സർക്കാർ സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടുണ്ട്. എന്നാൽ അത്തരത്തിലുള്ള നിബന്ധനകൾ പാലിക്കാതെ ആരോഗ്യവകുപ്പിലെ ഒരു വിഭാഗം ഡോക്ടർമാർ വാടകക്കെട്ടിടങ്ങളിലും, വാണിജ്യ സമുച്ചയങ്ങളിലും സർക്കാർ നിബന്ധനകൾക്കെതിരായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും വിജിലൻസ് കണ്ടെത്തി.
കഴിഞ്ഞദിവസം വൈകുന്നേരം മുതൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. സ്വകാര്യ പ്രാക്ടീസ് പൂർണമായും സർക്കാർ നിരോധിച്ചെങ്കിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു ഡോക്ടർ ഇത് തുടരുന്നതായി കണ്ടെത്തി. ആരോഗ്യ വകുപ്പിന് കീഴിലെ മൂന്ന് ഡോക്ടർമാരും സർക്കാർ ഉത്തരവിലെ നിബന്ധനകൾക്ക് വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തി വരുന്നതായും കണ്ടെത്തി.
സംസ്ഥാനത്തെ ആരോഗ്യ വകുപ്പിനു കീഴിലെ ഡോക്ടർമാർ സ്വന്തം വീടിനോട് ചേർത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിന് സർക്കാർ അനുമതിയുണ്ടെങ്കിലും ചില ഡോക്ടർമാർ അവർ ജോലി ചെയ്യുന്ന ആശുപത്രി പരിസരത്ത് വാടക മുറികളും വാണിജ്യ കെട്ടിടങ്ങളും സംഘടിപ്പിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തി വരുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസിന്റെ മറവിൽ വീടുകൾ വാടകക്കെടുത്ത് മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിച്ചും, നഴ്സിനെയും, ടെക്നീഷ്യനെയും, ലാബ് അസിസ്റ്റന്റിനെയും മറ്റും നിയമിച്ച് ക്ലിനിക്ക് പോലെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതാണ് കണ്ടെത്തിയത്. ഈ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ടുളള റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ്കുമാറിന് കൈമാറിയിട്ടുണ്ട്. അദ്ദേഹം ശിപാർശ സഹിതം റിപ്പോർട്ട് സർക്കാറിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.