കോട്ടയം: കഴിഞ്ഞ രണ്ടുദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ നഗരത്തിൽ ഒഴുകിനടന്ന് മാലിന്യച്ചാക്കുകെട്ടുകൾ. റോഡരികിൽ കൂട്ടിവെച്ച മാലിന്യച്ചാക്കുകളാണ് റോഡിലൂടെ ഒഴുകിനടന്നത്.
പലയിടങ്ങളിലും ചാക്കുകെട്ടുകൾവീണ് ഓടകൾ അടഞ്ഞു. ഇതോടെ വെള്ളം റോഡിലൂടെയാണ് ഒഴുകിയിരുന്നത്. ചാക്കുകളിൽനിന്ന് മാലിന്യം ഒഴുകിപ്പരന്നതും ദുരിതമായി. മാലിന്യം നിറഞ്ഞ വെള്ളത്തിലൂടെയാണ് കാൽനടക്കാർ സഞ്ചരിച്ചിരുന്നത്.
ചീഞ്ഞളിഞ്ഞ മാലിന്യത്തിൽനിന്നുള്ള ദുർഗന്ധം വേറെ. നഗരസഭയിലെ ശുചീകരണ ജോലിക്കാരെത്തി രാവിലെ ചാക്കുകൾ മാറ്റി റോഡുകൾ വൃത്തിയാക്കി. ശ്രീനിവാസ അയ്യർ റോഡിൽ ബ്രാഹ്മണ സമൂഹമഠം മുതൽ ചാലുകുന്ന് വരെയുള്ള റോഡിൽ അരകിലോമീറ്റർ ദൂരത്തിൽ മാത്രം മൂന്നിടങ്ങളിലാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്.
നൂറോളം മാലിന്യച്ചാക്കുകളാണ് പാരഗണിനു സമീപത്ത് റോഡരികിൽ കൂട്ടിവെച്ചിരിക്കുന്നത്. ഇവിടത്തെ മാലിന്യം ദിനംപ്രതി വർധിച്ചുവരികയാണ്.
നഗരസഭ അധികൃതരോടുചോദിച്ചാൽ ക്ലീൻ കേരള കമ്പനി എടുക്കുമെന്ന മറുപടി മാത്രമാണ് നൽകുന്നത്. ക്ലീൻ കേരള കമ്പനി പ്ലാസ്റ്റിക് മാലിന്യം മാത്രമാണ് എടുക്കുന്നത്.
മറ്റു മാലിന്യം അവിടെത്തന്നെ ഇടും. ഈ മാലിന്യം തുമ്പൂർമുഴി പ്ലാന്‍റിൽ സംസ്കരിക്കുമെന്ന് നഗരസഭ പറയുന്നുണ്ടെങ്കിലും വലിയതോതിൽ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം ഇവിടില്ല.
വിനോദ സഞ്ചാരികളടക്കം എത്തുന്ന നഗരത്തിലാണ് ഇത്തരത്തിൽ മാലിന്യം കൂട്ടിയിട്ട് അധികൃതർ നാണംകെടുത്തുന്നത്. മാധ്യമങ്ങൾ നിത്യവും വാർത്ത നൽകുന്നതല്ലാതെ അധികൃതർ തിരിഞ്ഞുനോക്കുന്നില്ല.
നഗരത്തിൽ ഇത്രയധികം മാലിന്യം നിറഞ്ഞിട്ടും പ്രതിപക്ഷവും അനങ്ങാപ്പാറ നയത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.