കരുതൽ തടങ്കലിൽനിന്ന്​ ഗുണ്ടയുടെ 'വിരട്ടൽ'

കോട്ടയം: കാപ്പചുമത്തി കരുതൽ തടങ്കലിലാക്കിയ ആർപ്പൂക്കര കൊപ്രായിൽ വീട്ടിൽ ജയിസ്‌മോൻ ജേക്കബ് (അലോട്ടി -27) ജയിലിൽ കിടന്ന്​ യുവാവിനെ ഭീഷണിപ്പെടുത്തിയതായി പരാതി. അലോട്ടി ഭീഷണിപ്പെടുത്തിയതായി കാട്ടി ആർപ്പൂക്കര സ്വദേശിയായ യുവാവ്​ ജില്ല പൊലീസ് മേധാവി ജി. ജയദേവിന്​ പരാതി നൽകി.

കഞ്ചാവ്​ കേസിൽ അറസ്​റ്റിലായി ജയിലിൽ കഴിയുന്നതിനിടെ ജില്ല പൊലീസ് കാപ്പ ചുമത്തിയ അലോട്ടി നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ കഴിയുകയാണ്. കഴിഞ്ഞദിവസം പുലർച്ച ആറരക്കാണ് ആർപ്പൂക്കര സ്വദേശിയായ യുവാവി​െൻറ ഫോണിലേക്ക്​ ഭീഷണിയെത്തിയത്. അലോട്ടിയെന്ന്​ പരിചയപ്പെടുത്തിയശേഷം 'നീ ഇനി അധികകാലം ജീവനോടെ ഉണ്ടാകില്ലെന്ന്​' ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന്​ പരാതിയിൽ പറയുന്നു.

കടുത്തുരുത്തിയിൽ 60 കിലോ കഞ്ചാവ് വിൽപനക്ക്​ എത്തിച്ച കേസിൽ പൊലീസ് പിടികൂടിയ അലോട്ടി കഴിഞ്ഞ മൂന്നുമാസത്തിലേറെയായി റിമാൻഡിലാണ്. ഇതിനിടെ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഐ.ജി അലോട്ടിക്കെതിരെ കാപ്പയും ചുമത്തിയിരുന്നു. തുടർന്നാണ്​ പാലാ സബ്ജയിലിൽനിന്ന്​ അലോട്ടിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക്​ മാറ്റിയത്​.

കഞ്ചാവ് കേസിൽ കടുത്തുരുത്തി പൊലീസ് അറസ്​റ്റ്​ ചെയ്‌തശേഷം പാലാ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്നതിനിടെ അലോട്ടി മറ്റൊരു ഗുണ്ടയായ അരുൺ ഗോപനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.