കോട്ടയം: കനത്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട്. എം.സി റോഡിൽ സ്റ്റാർ ജങ്ഷൻ മുതൽ പറപ്പള്ളി ടയർ വരെയുള്ള ഭാഗത്ത് അതിരൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഇതേതുടർന്ന് നഗരം ഗതാഗതക്കുരുക്കിലുമായി. തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ച കനത്തമഴയിലാണ് റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയത്. നാഗമ്പടം ഇൻഡോർ സ്റ്റേഡിയം, മാർക്കറ്റ് റോഡ്, ബേക്കർ ജങ്ഷൻ, ചെല്ലിയൊഴുക്കം റോഡ് എന്നിവിടങ്ങളും വെള്ളക്കെട്ടിൽ മുങ്ങി.
മാസങ്ങൾക്ക് മുമ്പ് സമാനമായ മഴയിൽ സ്റ്റാർ ജങ്ഷന് സമീപം സമാനമായ രീതിയിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് കെ.എസ്.ഇ.ബിയുടെ മതിൽ തകർന്നുവീണിരുന്നു. ഇതേതുടർന്ന് കെ.എസ്.ഇ.ബി ഓഫിസിനുള്ളിലും വെള്ളംകയറി ഫയലുകളും മറ്റും നശിച്ചിരുന്നു.
സ്റ്റാർ ജങ്ഷനിലെ പെട്രോൾ പമ്പിലും സമീപത്തെ കടകളിലും വെള്ളംകയറി. ഇവിടെ ഓട മണ്ണ് വീണ് അടഞ്ഞതിനെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഓടകൾ നിറഞ്ഞൊഴുകി മാലിന്യങ്ങളും കല്ലും മണ്ണും റോഡിൽ നിരന്നു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
കോട്ടയം: തിങ്കളാഴ്ച വൈകീട്ട് ഒരു മണിക്കൂറിൽ കോട്ടയത്ത് പെയ്തത് 83 മില്ലിമീറ്റർ മഴ. നാലുമണിയോടെ തുടങ്ങിയ മഴ ഒന്നരമണിക്കൂറോളം ശക്തമായി പെയ്തു. ഓടകൾ നിറഞ്ഞു കവിഞ്ഞതോടെ മഴവെള്ളം നഗരത്തിലെ റോഡുകൾ വെള്ളത്തിലായി. ഗതാഗതം തടസ്സപ്പെട്ടു. കാൽനടക്കാരും വെള്ളത്തിൽ ബുദ്ധിമുട്ടി. ശാസ്ത്രി റോഡ്, ബേക്കർ ജങ്ഷൻ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. എം.സി. റോഡിൽ സ്റ്റാർ ജങ്ഷനിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.