കോട്ടയം: ഇടവപ്പാതിയുടെ ആദ്യപാതം പിന്നിട്ടിട്ടും ശക്തിപ്രാപിക്കാതെ കാലവർഷം. ഇടവം പിന്നിട്ട് മിഥുനത്തിലെത്തിയിട്ടും കാലവര്‍ഷമഴയില്‍ ജില്ലയിൽ വന്‍കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മിക്ക ദിവസങ്ങളിലും കടുത്ത വെയിലാണ് ജില്ലയിൽ അനുഭവപ്പെടുന്നത്.
പഴമക്കാരെ ഇത് അത്ഭുതപ്പെടുത്തുകയുമാണ്. ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് പ്രതീക്ഷിച്ചതിൽനിന്ന് 64 ശതമാനത്തിന്റെ കുറവാണ് ജില്ലയിലുണ്ടായത്. ജൂൺ ഒന്നുമുതൽ കോട്ടയത്ത് 186 മില്ലിമീറ്റർ മഴയാണ് പെയ്തത്. കാലാവസ്ഥ വകുപ്പ് 511.2 മില്ലിമീറ്റർ മഴയാണ് പ്രതീക്ഷിച്ചത്. എന്നാൽ, ഇതിന്റെ പകുതിപോലും പെയ്തിട്ടില്ല.
സമീപ വര്‍ഷങ്ങളിലൊന്നുമില്ലാത്ത മഴ പ്രതിസന്ധിയാണ് ഇത്തവണത്തേതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മഴക്ക് അനുകൂല സാഹചര്യമാണെങ്കിലും കാറ്റിന്റെ ഗതി അനുകൂലമല്ലാത്തതാണ് മഴ കുറയാന്‍ കാരണമായി വിദഗ്ധര്‍ പറയുന്നത്.
അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റും കേരളത്തിന്റെ മഴ പ്രതീക്ഷകൾ തകർത്തു. ചുഴലിക്കാറ്റ് വന്നതോടെ മഴമേഘങ്ങൾ ചിതറിയതാണ് മഴ ഒഴിഞ്ഞുനിൽക്കാൻ കാരണമായത്.
ഇത് തുടർന്നാൽ കാർഷിക മേഖലക്ക് തിരിച്ചടിയാകും. 10 ശതമാനം വിളവുവരെ കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മഴ പ്രതീക്ഷിച്ച് തെങ്ങിന് തടം എടുത്ത കർഷകരും നിരാശയിലാണ്. മഴയില്ലാത്തത് ശുദ്ധജല വിതരണത്തെയും ബാധിക്കും.
കിണറുകളിലും തോടുകളിലും സാധാരണ കാലവര്‍ഷ കാലത്തുണ്ടാകുന്ന രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. വേനല്‍ മഴക്കു പിന്നാലെ, കാലവര്‍ഷവും പെയ്യാന്‍ മടിച്ചുനില്ക്കുന്നത് അടുത്തസീസണില്‍ കുടിവെള്ള ക്ഷാമത്തിന് കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ജില്ലയില്‍ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി മേഖലകളിലാണ് ഇത്തവണ കൂടുതല്‍ മഴ ലഭിച്ചത്. കുറവ് വൈക്കത്തും. കഴിഞ്ഞ വര്‍ഷവും ആദ്യഘട്ടത്തിൽ മഴയുടെ അളവ് കുറവായിരുന്നെങ്കിലും ഇത്തവണത്തെക്കാള്‍ ഭേദപ്പെട്ടതായിരുന്നു. 2022 ജൂണ്‍ 16 വരെയുള്ള കണക്കുപ്രകാരം 202.8 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. 42 ശതമാനം മഴക്കുറവാണ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായത്. ഇത് ഇപ്പോൾ 60 പിന്നിട്ടിരിക്കുന്നത്.
മഴ ശക്തമാകാത്തതിനാൽ ഇടത്തോടുകളിലും പുഴകളിലും പോള ശല്യം തുടരുകയാണ്. കനത്ത മഴയിൽ ഇവ ഒഴുകിപ്പോകുകയായിരുന്നു പതിവ്. മഴ കനക്കാത്തിനാൽ തോടുകളിലെല്ലാം പോള നിറഞ്ഞിരിക്കുകയാണ്. മറ്റ് ജില്ലകളിലും മഴയുടെ തോതിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് നാമമാത്രമായെങ്കിലും മഴ കിട്ടിയത്. മറ്റ് ജില്ലകളിലെ സ്ഥിതി പരിതാപകരമാണ്.
അതിനിടെ, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ-പശ്ചിമബംഗാൾ തീരത്തിനു സമീപം അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായിട്ടാണ് മഴ. ചൊവ്വാഴ്ച കോട്ടയത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.