കോട്ടയം: തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽ പദ്ധതിക്കായി (സിൽവർ ലൈൻ) ജില്ലയിൽ 16 വില്ലേജുകളിൽനിന്ന് ഭൂമി ഏറ്റെടുക്കും. മൊത്തം 108.11 ഹെക്ടർ സ്ഥലമാകും ജില്ലയിൽനിന്ന് ഏറ്റെടുക്കുക. മാടപ്പള്ളി, തോട്ടയ്ക്കാട്, വാകത്താനം, ഏറ്റുമാനൂർ, മുട്ടമ്പലം, നാട്ടകം, പനച്ചിക്കാട്, പേരൂർ, പെരുമ്പായിക്കാട്, പുതുപ്പള്ളി, വിജയപുരം, കാണക്കാരി, കുറവിലങ്ങാട്, കടുത്തുരുത്തി, മുളക്കുളം, ഞീഴൂർ എന്നീ വില്ലേജ് പരിധികളിലൂടെയാണ് ജില്ലയിൽ പാത കടന്നുപോകുന്നത്. ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സർവേ നമ്പറുകൾ റവന്യൂവകുപ്പ് പ്രസിദ്ധീകരിച്ചു. ഈ സർവേ നമ്പറിലുള്ള ഭൂമിക്കൊപ്പം ഇതിെൻറ സബ് ഡിവിഷനുകളിലെ ഭൂമിയും പാതക്കായി ഉടമകൾക്ക് കൈവിടേണ്ടിവരും. ഒരോ സർവേ നമ്പറിലും ഉൾപ്പെടെന്ന സബ് ഡിവിഷനുകളുടെ കണക്ക് ശേഖരിച്ചുകഴിഞ്ഞാലെ എത്രപേർക്ക് ഭൂമി നഷ്ടമാകുമെന്ന് വ്യക്തമാകുകയുള്ളൂ. വീടുകളുടെയും സ്ഥാപനങ്ങളുടെ അന്തിമ കണക്ക് ഇതിനുശേഷമാകും ലഭ്യമാകുക. ജില്ല തലത്തിലാകും തുടർനടപടി.
റവന്യൂ വകുപ്പിെൻറ ഉത്തരവ് അനുസരിച്ച് മേഖലകൾ തിരിച്ചാകും ഭൂമി ഏറ്റെടുക്കുക. ഇതനുസരിച്ച് കോട്ടയം ജില്ല ഉൾപ്പെടുന്നത് രണ്ടാംമേഖലയിലാണ് (ചെങ്ങന്നൂർ-എറണാകുളം). ഇതിൽ മൊത്തം 232.47 ഹെക്ടർ ഭൂമിയാകും ഏറ്റെടുക്കുക. പത്തനംതിട്ട- 44.47, ആലപ്പുഴ- 15.61, കോട്ടയം- 108.11, എറണാകുളം- 64.28 എന്നിങ്ങനെയാണ് ജില്ല തിരിച്ച കണക്ക്.
ഒന്നാംമേഖലയിൽ (തിരുവനന്തപുരം-ചെങ്ങന്നൂർ) മൊത്തം 187.57 ഹെക്ടറും മൂന്നാംമേഖലയിൽ (എറണാകുളം-തൃശൂർ) 167.91ഉം നാലാം മേഖലയിൽ (തൃശൂർ-കോഴിക്കോട്) 151.97ഉം അഞ്ചാംമേഖലയിൽ ആകെ 215.21 ഹെക്ടർ ഭൂമിയുമാകും ഏറ്റെടുക്കുക.
റെയില്‍വേ ബോര്‍ഡില്‍നിന്ന് അന്തിമാനുമതി ലഭിക്കുന്ന മുറക്കാകും ഏറ്റെടുക്കല്‍ തുടങ്ങുക. സ്ഥലം ഏറ്റെടുക്കാന്‍ 2100 കോടി കിഫ്ബി വായ്പക്ക് സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാനാവശ്യമായ 205 തസ്തികകള്‍ ഒരുവര്‍ഷത്തേക്ക് സൃഷ്ടിക്കാനും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് സ്ഥലമേറ്റെടുക്കൽ നടപടികളിലേക്ക് റവന്യൂ വകുപ്പ് നീങ്ങുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കാൻ പദ്ധതിയുടെ നടത്തിപ്പിനായി സർക്കാറും റെയിൽവേയും ചേർന്ന് സംയുക്തമായി രൂപവത്കരിച്ച കെ റെയിലും ആവശ്യപ്പെട്ടിരുന്നു.ഭൂമി ഏറ്റെടുക്കാനായി ഒരു സ്പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍ ഓഫിസും പാതക്കായി സ്ഥലം ഏറ്റെടുക്കേണ്ടിവരുന്ന 11 ജില്ലകളിലും സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസും തുറക്കും. ഇതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. നാലുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് എത്തിച്ചേരാവുന്ന അർധ അതിവേഗ റെയില്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ജൂണിലാണ് തത്ത്വത്തില്‍ അനുമതി നല്‍കിയത്. 64,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 33,700 കോടി വിദേശ വായ്പ എടുക്കും. കോട്ടയത്ത് ഇതിന് സ്േറ്റഷനുമുണ്ടാകും.
എന്നാൽ, പാതക്കെതിരെ പലയിടങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്.
സർവേ നമ്പറുകൾ പ്രസിദ്ധീകരിച്ചു
ജില്ലയിൽ ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സർവേ നമ്പറുകൾ(സ്ഥലം ഏെറ്റടുക്കുന്ന വില്ലേജ് ഓഫിസ്, ബ്ലോക്കുകളുടെ എണ്ണം, സർവേ നമ്പർ എന്നീ ക്രമത്തിൽ):
മാടപ്പള്ളി-3-57, തോട്ടയ്ക്കാട്-1-3, വാകത്താനം-1-29, ഏറ്റുമാനൂർ-2-35, മുട്ടമ്പലം-1-13, നാട്ടകം-1-4, പനച്ചിക്കാട്-2-68, പേരൂർ-2-60, പെരുമ്പായിക്കാട്-1-22, പുതുപ്പള്ളി-1-4, വിജയപുരം-1-22, കാണക്കാരി-2-36, കുറവിലങ്ങാട്-3-58, കടുത്തുരുത്തി-1-5, മുളക്കുളം-1-30, ഞീഴൂർ-1-57
തിരുവോണദിനത്തിൽ ഉപവാസവുമായി ജനകീയ സമിതി
കോട്ടയം: തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിക്കായി (സിൽവർ ലൈൻ) സ്ഥലമേറ്റെടുക്കാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കിയതോടെ പ്രതിഷേധം ശക്തമാക്കാൻ കെ റെയിൽ സിൽവർലൈൻ ജനകീയ വിരുദ്ധസമിതി. സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് തിരുവോണത്തിന് ഉപവാസം നടത്തുമെന്ന് സമരസമിതി അറിയിച്ചു. വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന സമരത്തിെൻറ ഭാഗമായി സ്ഥലമെടുപ്പുമായി ബന്ധെപ്പട്ട റവന്യൂ ഉത്തരവ് കത്തിക്കും.
വൻതോതിൽ ഭൂമി ഏറ്റെടുത്ത പദ്ധതി ആയിരക്കണക്കിന് കുടുംബങ്ങെള വഴിയാധാരമാക്കും. പാരിസ്ഥിതിക്കും ഏറെ ദോഷം ചെയ്യും. നടപടികളിൽ സുതാര്യതയില്ലെന്നും സമിതി കുറ്റപ്പെടുത്തുന്നു. തുടർദിവസങ്ങളിൽ മറ്റ് പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന് സമിതി സംസ്ഥാനകമ്മിറ്റിയംഗം ചാക്കോച്ചൻ മണലേൽ പറഞ്ഞു. പദ്ധതിക്കെതിരെ നിയമനടപടികൾ തുടരുകയാണ്. പാത കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം പ്രതിഷേധം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.