മുണ്ടക്കയം: കൂട്ടിക്കലിൽ പ്രളയദുരിതബാധിതർക്ക് വീടുകളൊരുങ്ങുന്നു. പൂഞ്ഞാർ എം.എൽ.എ സർവിസ് ആർമിയും റോട്ടറി ഇന്റർനാഷനലും ചേർന്നാണ് കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട് തുടങ്ങിയ പ്രദേശങ്ങളിലെ പ്രളയദുരിത ബാധിതർക്കായി വീടുകൾ നിർമിക്കുന്നത്.
മേഖലയിലുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും വീടുകൾ നഷ്ടപ്പെട്ട 11 കുടുംബങ്ങൾക്കാണ് വീടുകളൊരുങ്ങുന്നത്. മുണ്ടക്കയം ചാലാത്ത് പുതുക്കുടിയിൽ സി.വൈ.എ. റഊഫ്, സി.പി.എ. യൂസഫ്സ് കമ്പനി പാർട്ണർ സൗജന്യമായി നൽകിയ 60 സെന്റ് ഭൂമിയിലാണ് വീടുകൾ പണിയാൻ മുതൽമുടക്കുന്നത്.
വീടുകളുടെ പ്ലാനുകൾ തയാറായെന്നും അർഹരായ 11 ഗുണഭോക്താക്കളെയും തെരഞ്ഞെടുത്തെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച മൂന്നിന് കൂട്ടിക്കൽ സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ വീടുകളുടെ ശിലാസ്ഥാപനം നിർവഹിക്കും.
സൗജന്യമായി സ്ഥലം നൽകിയ റഊഫിനെ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആദരിക്കും. വാർത്തസമ്മേളനത്തിൽ കോഓഡിനേറ്റർ അഡ്വ. സാജൻ കുന്നത്ത്, എം.എൽ.എ സർവിസ് ആർമി കൂട്ടിക്കൽ മണ്ഡലം കോഓഡിനേറ്റർ ബിജോയി ജോസ്, പി.എം. നജീബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.