കോട്ടയം: കാക്കൂരിലെ പോസ്റ്റ് ഓഫിസിന്റെ അധീനതയിലുള്ള ആറേക്കർ ഭൂമി സാമൂഹ്യവിരുദ്ധരുടെ ഇടത്താവളമായി. നഗരസഭയുടെ കീഴിൽ മുളങ്കുഴ കാക്കൂരിലാണ് ആറ് ഏക്കറിലായി പോസ്റ്റ് ഓഫീസിന്റെ സ്ഥലം പരന്നുകിടക്കുന്നത്. വലിയ ചുറ്റുമതിലും ഗേറ്റും കെട്ടിസംരക്ഷിച്ചിട്ടുണ്ടെങ്കിലും സാമൂഹ്യവിരുദ്ധരുടെ ശല്യത്തിന് കുറവൊന്നുമില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പ്രവേശന കവാടം മുതൽ കാട് പടർന്ന നിലയിലാണ്. മതിലിനുള്ളിൽ കയറരുതെന്ന മുന്നറിയിപ്പ് ബോർഡ് ഇവിടെ നോക്കുകുത്തിയാണ്. വലിയ മതിൽക്കെട്ട് ചാടിക്കടന്നാണ് പലരും അകത്തേക്ക് കയറുന്നത്.
ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റുകൾ, പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടിയ മാലിന്യങ്ങളും ഇവിടെ കുന്നുകൂടിയ അവസ്ഥയിലാണ്. മാലിന്യങ്ങൾ അഴുകിയുള്ള ദുർഗന്ധവും പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തുന്നു. വലിയ മതിൽക്കെട്ടിന്റെ പല ഭാഗവും റോഡിലേക്ക് ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ അപകടാവസ്ഥയിലാണ്.
ജനവാസ മേഖലയാണെങ്കിലും കഞ്ചാവ്, മദ്യം, ലഹരി ഉപയോഗിക്കുന്നവരുടെയും ചീട്ടുകളി സംഘങ്ങളുടെയും ഇടത്താവളമായി ഇവിടം മാറി. പുറമേനിന്നുള്ളവരുടെ ശ്രദ്ധ ലഭിക്കാത്തതും വേഗത്തിൽ അകത്ത് കയറാൻ സാധിക്കാത്തതും സാമൂഹികവിരുദ്ധർക്കും സഹായകരമാണ്. കാടുകൾക്ക് നടുവിൽ പ്ലേ ഗ്രൗണ്ടും സജ്ജമാക്കിയിട്ടുണ്ട്. നാട്ടുാകരുടെ പരാതിയെ തുടർന്ന് നിരവധി തവണ പൊലീസ്, എക്സൈസ് വിഭാഗം ഇവിടെ പരിശോധന നടത്തുകയും നിരവധിപേരെ പിടികൂടിയിട്ടുമുണ്ട്.
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും മാലിന്യ നിക്ഷേപവും ഒഴിവാക്കുന്നതിനായി കാട്മൂടിയ സ്ഥലം കൃഷി ആവശ്യങ്ങൾക്കായി പാട്ടത്തിന് വിട്ടുകൊടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.