കോട്ടയം: അഞ്ചുവർഷത്തിനിടെ ജില്ലയിൽ തകർന്നത് ചെറുതും വലുതുമായ 13 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ. മൂന്നുവർഷം മുമ്പ് കുന്നത്തുകളത്തിൽ ചിട്ടിഫണ്ട് കമ്പനി തകർന്നതാണ് അടുത്തിടെ ജില്ലയിലുണ്ടായ ഏറ്റവും വലിയ തട്ടിപ്പ്.
300 കോടിയാണ് കുന്നത്തുകളത്തിൽ ചിട്ടി, ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്നതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. കുന്നത്തുകളത്തിൽ തട്ടിപ്പിന് ഇരയായത് ആയിരത്തിലധികം നിക്ഷേപകരാണ്. ഇവരിൽ പകുതിയിലധികം ആളുകളും പരാതിയുമായി അന്വേഷണസംഘത്തെ സമീപിച്ചിട്ടില്ല.
കേസിൽ കോടതി നടപടി ആരംഭിച്ചെങ്കിലും നഷ്ടപരിഹാര തുക ഇടപാടുകാർക്ക് പൂർണമായും ലഭിച്ചിട്ടില്ല. ഉടമയുടെ മക്കൾ, മരുമക്കൾ എന്നിവർ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. കേസിെൻറ തുടക്കത്തിൽ ഉടമ ജീവനൊടുക്കുകയും ചെയ്തു. റിസീവറുടെ നേതൃത്വത്തിലാണ് കുന്നത്തുകളത്തിൽ ചിട്ടി തട്ടിപ്പിൽ അന്വേഷണം.
2018 മേയിൽ കുന്നത്തുകളത്തിൽ ജ്വല്ലറി ഗ്രൂപ്പും ചിട്ടിക്കമ്പനിയും പാപ്പർ ഹരജി നൽകിയശേഷം സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയായിരുന്നു.
മുമ്പ് പുതുപ്പള്ളി, ചങ്ങനാശ്ശേരി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് തുടങ്ങിയ ആപ്പിൾ ട്രീ തട്ടിപ്പിൽ 1000 കോടിക്ക് മുകളിലാണ് നിക്ഷേപകർക്ക് നഷ്ടമായത്. ആപ്പിൾ ട്രി എന്ന പേരിൽ ഫിനാഷ്യൽ കമ്പനി സ്ഥാപിച്ച് നൂറുകണക്കിന് ശാഖകളും ആരംഭിച്ചിരുന്നു. കേസിനെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടി ഏഴുവർഷം കഴിഞ്ഞിട്ടും നിക്ഷേപകർക്കു പണം തിരികെ ലഭിച്ചിട്ടില്ലെന്ന് പറയുന്നു.
ഇപ്പോഴും മരുന്നുകച്ചവടവും നിക്ഷേപത്തിന് മൂന്നിരട്ടി വാഗ്ദാനം ചെയ്തും നിരവധി അനധികൃത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.