കോട്ടയം: ജില്ല പഞ്ചായത്ത് ബജറ്റ് പ്രസംഗത്തിൽ കെ.എം. മാണിയും. 'കാരുണ്യ കോട്ടയം' പദ്ധതി പ്രഖ്യാപനത്തിനിടെയാണ് സി.പി.എം പ്രതിനിധിയായ വൈസ് പ്രസിഡൻറ് ടി.എസ്. ശരത്ത്, മാണിയെ ഓർത്തെടുത്തത്.
കെ.എം. മാണി മന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ കാരുണ്യപദ്ധതി ആയിരക്കണക്കിന് നിർധനരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നുവെന്ന് ശരത് പറഞ്ഞു. ഈ പദ്ധതിയുടെ മികവും മഹത്വവും കണക്കിലെടുത്ത് ഇതിെൻറ തുടർച്ചയായാണ് കാരുണ്യ കോട്ടയമെന്ന പദ്ധതി ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്നത്- അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് പ്രതിനിധിയായ പ്രസിഡൻറും മറ്റ് ഭരണപക്ഷ അംഗങ്ങളും ഏറെ സന്തോഷത്തോടെയാണ് ഇതിനെ സ്വീകരിച്ചത്. അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നവർക്ക് വേണ്ടുന്ന വലിയ തുകയുടെ മരുന്നുകൾ, ഭിന്നശേഷിക്കാർക്ക് ആവശ്യമുള്ള ഉപകരണങ്ങൾ, മറ്റ് അവശ്യസേവനങ്ങൾ എന്നിവ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ലഭ്യമാക്കുകയെന്നതാണ് കാരുണ്യ കോട്ടയം പദ്ധതി.
ബജറ്റ് അവതരണശേഷം നടന്ന ചർച്ചയിൽ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ട് പ്രതിപക്ഷാംഗം ജോസ്മോൻ മുണ്ടക്കൽ വീണ്ടും കാരുണ്യപദ്ധതി ഉയർത്തി.
കെ.എം. മാണി ആവിഷ്കരിച്ച കാരുണ്യപദ്ധതിയെ സർക്കാർ തകർെത്തന്നും ഇത് നിലനിർത്താൻ ജില്ല പഞ്ചായത്ത് പ്രമേയം പാസാക്കണമെന്നുമായിരുന്നു ജോസ്മോെൻറ ആവശ്യം. അപ്രതീക്ഷ അക്രമത്തിൽ ആദ്യം പതറിയ ഭരണപക്ഷം വേഗം പ്രതിരോധം തീർത്തു. കാരുണ്യപദ്ധതി നിർത്തലാക്കിയിട്ടില്ലെന്നും തുടരുന്നുണ്ടെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് നിർമല ജിമ്മി പറഞ്ഞു. പദ്ധതി തുടരുന്നുണ്ടെന്നും അടുത്തിടെ വിദ്യാർഥികളുമായുള്ള സംവാദത്തിനിടെ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതായി ശരത്തും പഞ്ഞു.
പിന്നാലെ സംസാരിച്ച കേരള കോൺഗ്രസ് എം പ്രതിനിധി ജോസ് പുത്തൻകാല, കെ.എം. മാണി ആവിഷ്കരിച്ച പദ്ധതിക്ക് ജില്ല പഞ്ചായത്തിൽ തുടർച്ചയുണ്ടാകുന്നത് അഭിനന്ദനാർഹമാണെന്ന് വ്യക്തമാക്കി.
നേരത്തേ കാരുണ്യ പദ്ധതിയെ ചൊല്ലി വൻ വിവാദമുയർന്നിരുന്നു. പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം പ്രക്ഷോഭവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.