കോട്ടയം: മലപ്പുറത്ത് നഗരസഭ ഭൂമിയിൽ സ്വകാര്യവ്യക്തികളെ സഹായിക്കാൻ റോഡ് നിർമിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ഏറ്റുമാനൂർ നഗരസഭ സെക്രട്ടറിക്ക് സസ്പെൻഷൻ. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ സെക്രട്ടറിയാണ് ഏറ്റുമാനൂർ നഗരസഭ സെക്രട്ടറി എം. സുഗതകുമാറിനെ സസ്പെൻഡ് ചെയ്തത്.
വർഷങ്ങൾക്കുമുമ്പ് മലപ്പുറം കോട്ടക്കൽ നഗരസഭ സെക്രട്ടറിയായി ജോലിചെയ്യവേ നടത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. 2020-’21 വർഷത്തിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് സുഗതകുമാറിനെതിരെ നടപടിയെടുത്തത്.
കോട്ടക്കൽ നഗരസഭയിൽ കോട്ടകുളം ഭാഗത്ത് ഭവനരഹിതർക്ക് വീട് നിർമിക്കാൻ നഗരസഭ സ്ഥലം മാറ്റിവെച്ചിരുന്നു. ഈ 74 സെന്റ് സ്ഥലത്തുനിന്ന് ഇതിനു സമീപത്തുള്ള സ്വകാര്യ വ്യക്തികൾക്ക് ലാഭമുണ്ടാക്കി നൽകണമെന്ന ഉദ്ദേശ്യത്തോടെ നഗരസഭ സെക്രട്ടറി റോഡ് നിർമിച്ച് നൽകിയതുവഴി 9.40 സെന്റ് സ്ഥലം നഷ്ടപ്പെടുത്തിയെന്നും റോഡ് നിർമാണത്തിനായി സ്വകാര്യ വ്യക്തി നൽകിയ 2.82 സെന്റ് ഭൂമിയിൽനിന്ന് 0.89 സെന്റ് മാത്രം ഉപയോഗിച്ച് 1.97 സെന്റ് സ്ഥലം നഷ്ടമാക്കിയെന്നും ഫണ്ട് വകമാറ്റിയതായും പരാതി ഉയർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തി. അന്വേഷണത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തി.
ഒന്നാം പ്രതിയായ എം. സുഗതകുമാർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇദ്ദേഹം സർവിസിൽ തുടരുന്നത് തുടരന്വേഷണത്തിന് തടസ്സമാകുമെന്ന വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ വകുപ്പ് നടപടി. ഏറ്റുമാനൂർ നഗരസഭയിൽ ജോലി ചെയ്യുന്നതിനിടെയും ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ഇദ്ദേഹം അഴിമതി ആരോപണത്തിൽ കുടുങ്ങിയിരുന്നു.
നഗരസഭയിൽ ആരോഗ്യ വിഭാഗത്തിലും ശുചീകരണ വിഭാഗത്തിലും പെരുമാറ്റച്ചട്ടം നിലനിൽക്കെ നിയമനം നടത്തിയത് വിവാദത്തിനിടയാക്കിയിരുന്നു. വിഷയത്തിൽ ജില്ല കലക്ടർ വിശദീകരണം തേടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.