കോട്ടയം: ആവശ്യത്തിന് പശ്ചത്തല സൗകര്യങ്ങളില്ല, വാർഡുകളില്ല. എങ്ങനെയൊക്കെയോ ഓരോ ദിവസവും തള്ളിനീക്കുന്ന നാഥനില്ലാക്കളരിയായ ആശുപത്രി. 2018ൽ പ്രഖ്യാപിച്ച ബഹുനില മന്ദിരം നിർമാണം ഇതുവരെ എങ്ങുമെത്തിയില്ല. 75ാം പിറന്നാളാഘോഷിക്കുന്ന ജില്ലയിലെ ആദ്യ ആതുരാലയമായ കോട്ടയം ജനറൽ ആശുപത്രിയുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്.
1811 ൽ ക്രോസ് മൺറോ സായിപ്പ് താമസിച്ചിരുന്ന വസതിയോട് ചേർന്ന് കുതിരാലയമുണ്ടായിരുന്നു. 1942 ൽ ഇതേ പേരുള്ള ഡോ. ക്രോസ് സായിപ്പാണ് ഈ കുതിരാലയത്തിൽ പ്രസവ ശുശ്രൂഷ ആരംഭിക്കുന്നത്. ഇതാണ് ഇന്നത്തെ ജില്ല ആശുപത്രിയുടെ ആദിമ രൂപം. ഇദ്ദേഹം 11 ഏക്കറോളം ഭൂമി ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകി. പിന്നീട് ആശുപത്രി കൂടുതൽ വിപുലീകരിച്ചു.
1962 വരെ ഏറെക്കാലം കോട്ടയം മെഡിക്കൽ കോളജായി തുടർന്നു. മെഡിക്കൽ കോളജ് ആർപ്പൂക്കരയിലേക്ക് മാറ്റിയപ്പോൾ ജില്ല ആശുപത്രിയായി. 2011ൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് എല്ലാ ജില്ല ആശുപത്രികളും ജനറൽ ആശുപത്രികളാക്കി ഉയർത്തിയത്.
എന്നാൽ, അതിനനുസരിച്ച് സൗകര്യങ്ങളിൽ മാറ്റം വന്നില്ല. 2018ൽ പിണറായി സർക്കാറിന്റെ കാലത്താണ് 219. 91 കോടി ബഹുനില മന്ദിരത്തിനായി കിഫ്ബി വഴി പ്രൊജക്ട് വെച്ചത്. രണ്ടുഘട്ടമായി നിർമാണം നടത്താനും 2026 ജനുവരിയിൽ പൂർത്തിയാക്കാനുമായിരുന്നു ഉദ്ദേശം. 2023ൽ ഒന്നാംഘട്ടം തുക 129.91 കോടി അനുവദിച്ചു. എന്നാലിതുവരെ അനുവദിച്ച തുക പോലും ചെലവാക്കാനായിട്ടില്ല. മണ്ണെടുപ്പ് സംബന്ധിച്ച സാങ്കേതിക തടസ്സങ്ങളാണ് കാരണം.
മന്ദിരം നിർമിക്കുന്ന സ്ഥലത്തെ മണ്ണ് എടുത്ത് നിലവിൽ ആശുപ്രത്രി വളപ്പിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇനി ഇടാൻ സ്ഥലമില്ല.
കഴിഞ്ഞ ജനുവരിയിൽ മണ്ണ് കോട്ടയം, ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ധാരണയായെങ്കിലും നടന്നില്ല. പിന്നീട് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നു. അതുകഴിഞ്ഞ് മന്ത്രി വി.എൻ. വാസവൻ യോഗം വിളിച്ച് മണ്ണ് കോട്ടയം മുനിസിപ്പാലിറ്റിയിൽ എവിടെയെങ്കിലും നിക്ഷേപിക്കാൻ നിർദേശിച്ചെങ്കിലും ആരും അനങ്ങിയിട്ടില്ല.
ഇതോടൊപ്പം ആശുപത്രിയിൽ കൂടുതൽ സംവിധാനങ്ങളൊരുക്കണം. കാർഡിയോളജി, കാത്ത്ലാബ് എന്നിവ വേണം. കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ പോലും കാത്ത് ലാബ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഓങ്കോളജി വിഭാഗം ആരംഭിക്കണം. പശ്ചാത്തല സൗകര്യങ്ങളൊരുക്കണം. മെഡിക്കൽ കോളജിൽനിന്ന് രോഗികൾ തുടർ ചികിത്സക്കെത്തുമ്പോൾ വാർഡുകളില്ലാത്ത അവസ്ഥയുണ്ട്. അത് മാറണം.
1964-65 കാലഘട്ടത്തിലാണ് പൊട്ടംകുളം പ്ലാന്റേഷൻസ് ജനറൽ ആശുപത്രിക്ക് 15 മുറികളുള്ള പേവാർഡ് നിർമിച്ചുനൽകുന്നത്. കോവിഡ് വന്നപ്പോൾ രോഗപ്പകർച്ച കണക്കിലെടുത്ത് പേ വാർഡ് അനുവദിക്കരുത് എന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ പേ വാർഡ് ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തുടങ്ങി. കോവിഡ് പോയിട്ടും പേ വാർഡ് തിരിച്ചുകിട്ടിയിട്ടില്ല.
പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ആശുപത്രികളിലും പേ വാർഡുകൾ സജ്ജീകരിക്കുമ്പോഴാണ് ജില്ല ആശുപത്രിയിൽ ഉള്ളത് ഒഴിവാക്കിയിരിക്കുന്നത്.
പഴയ പേവാർഡ് പുനരാരംഭിക്കാൻ തടസ്സങ്ങളുള്ളതിനാൽ ജില്ല പഞ്ചായത്ത് മുൻകയെടുത്ത് പ്രൊജക്ട് വെച്ച് ഫണ്ട് അനുവദിച്ച് പുതിയ പേ വാർഡ് പണിയണം. ഇത് ആശുപത്രിയുടെ പശ്ചാത്തല വികസനങ്ങൾ മെച്ചപ്പെടുത്താൻ ഉതകും. അനുഭവ പരിജ്ഞാനമുള്ള ഡോക്ടർമാരാണ് ആശുപത്രിയുടെ നേട്ടം. ഇവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക കൂടി ചെയ്താൽ ആശുപത്രി മികച്ച നിലവാരത്തിലെത്തും.
കെ.കെ. റോഡിലെ തിരക്ക് കണക്കിലെടുത്ത് ആശുപത്രിയുടെ പിറകിലെ ചെല്ലിയൊഴുക്കം റോഡിൽ നിന്ന് ശാസ്ത്രി റോഡ് വഴി കുര്യൻ ഉതുപ്പ് റോഡിലേക്ക് പ്രവേശനം അനുവദിച്ചാൽ മെഡിക്കൽ കോളജിലേക്കും ജില്ല ആശുപത്രിയിലേക്കും എളുപ്പത്തിൽ എത്താനാകും. യു.വി. ജോസ് കലക്ടറായിരുന്നപ്പോൾ ഈ നിർദേശം വന്നിരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.