കോട്ടയം: ജില്ലയിൽ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയ ആദ്യ അക്ഷയ കേന്ദ്രമായി ചങ്ങനാശ്ശേരി വാഴപ്പള്ളി പഞ്ചായത്തിലെ കുരിശുംമൂട് അക്ഷയകേന്ദ്രം. ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കറ്റ് കലക്ടർ ഡോ. പി.കെ. ജയശ്രീ നേരിട്ടെത്തി അക്ഷയ കേന്ദ്രത്തിന് കൈമാറി. അടിസ്ഥാന സൗകര്യങ്ങൾ, ഗുണഭോക്താക്കളുടെ എണ്ണം, മികച്ച ഗുണഭോക്തൃ സേവനം, മികച്ച സൗകര്യങ്ങൾ, ജീവനക്കാർക്കായി പരിശീലനങ്ങൾ, അവലോകനങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളാണ് ഐ.എസ്.ഒ സർട്ടിഫിക്കേഷനായി പരിഗണിച്ചത്. മൂന്നുവർഷമാണ് സർട്ടിഫിക്കേഷന്റെ കാലാവധി. വാഴപ്പള്ളി സ്വദേശി മേലേട്ട് ശ്രേയ ശ്രീകുമാറിന്റേതാണ് അക്ഷയ കേന്ദ്രം. 2012ലാണ് കുരിശുംമൂട് ജങ്ഷനിൽ മൂന്ന് സ്റ്റാഫുമായി അക്ഷയകേന്ദ്രം പ്രവർത്തനമാരംഭിച്ചത്. പൊതുജനങ്ങൾക്ക് 11 കൗണ്ടറുകളിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. 2018-19 വർഷത്തെ മികച്ച അക്ഷയ കേന്ദ്രത്തിനുള്ള സംസ്ഥാന ഇ-ഗവേണൻസ് പുരസ്കാരം കരസ്ഥമാക്കിയിരുന്നു. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോഫി ലാലിച്ചൻ, വൈസ് പ്രസിഡന്റ് ബിനു മൂലയിൽ, പഞ്ചായത്ത് അംഗങ്ങളായ ലാലിമ്മ ടോമി, മിനി വിജയകുമാർ, അക്ഷയ ജില്ല പ്രോജക്ട് മാനേജർ കെ. ധനേഷ്, അക്ഷയ കോഓഡിനേറ്റർ റീന ഡാരിയസ്, ബ്ലോക്ക് കോഓഡിനേറ്റർമാരായ സി.എസ്. ലീലാമണി, സി.എസ്. കവിതാമോൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.