കോട്ടയം: വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയതോടെ ഒന്നര മാസത്തിനിടെ ജില്ലയിൽ തകരാറിലായത് 66 ട്രാൻസ്ഫോർമർ. അമിതലോഡാണ് കൂട്ടത്തകരാറിന് കാരണം. ചൂടിനെത്തുടർന്ന് ജില്ലയിൽ വൈദ്യുതി ഉപഭോഗം കുത്തനെ വർധിച്ചിരുന്നു. നാല് വർഷത്തിനപ്പുറം മാത്രം ഉണ്ടാകുമെന്ന് കരുതിയ ലോഡാണ് ഈ വേനലിൽ കെ.എസ്.ഇ.ബിക്ക് ചുമക്കേണ്ടിവരുന്നത്. ഇതാണ് ഉപകരണങ്ങളുടെ തകരാറിലേക്ക് നയിച്ചത്. ഇത് തടയാൻ ലക്ഷ്യമിട്ട് പ്രതിരോധ നടപടിക്കും കെ.എസ്.ഇ.ബി തുടക്കമിട്ടിരുന്നു. പീക് സമയത്ത് ലോഡ് കൂടിയ ട്രാൻസ്ഫോർമറുകളുടെ എൽ.ടി ഫീഡിങ് ലോഡ് കുറഞ്ഞ ട്രാൻസ്ഫോർമറുകളിലേക്ക് മാറ്റിയായിരുന്നു രക്ഷാപ്രവർത്തനം. ഇതിലൂടെ കൂടുതൽ ട്രാൻസ്ഫോർമർ തകരാറിലാകുന്നത് തടയാൻ കഴിഞ്ഞതായി കെ.എസ്.ഇ.ബി അധികൃതർ പറയുന്നു.
നിലവിൽ രാത്രി 10 മുതൽ പുലർച്ച രണ്ടുവരെയാണ് പീക് സമയമെന്ന് പറയുന്നു. വൈദ്യുതി ഉപയോഗം ഏറ്റവും ഉയരുന്നത് ഏകദേശം രാത്രി 10നാണ്. വീടുകളിലെ കിടപ്പുമുറികളിലെ എ.സി പ്രവർത്തിച്ചുതുടങ്ങുന്ന സമയമാണത്. പുലർച്ച രണ്ടുവരെ ഇത് തുടരും. ഇലക്ട്രിക് വാഹനങ്ങൾ മണിക്കൂറുകളോളം ചാർജ് ചെയ്യുന്നതും ലോഡ് കൂടാനിടയാക്കും. ഇത്തരത്തിൽ അമിത ലോഡ് എത്തുന്നതോടെ ട്രാൻസ്ഫോർമറുകൾ കേടാകുകയാണ് ചെയ്യുന്നത്. ഈ കാരണത്താലല്ലാതെയും തകരാർ സംഭവിക്കുന്നുണ്ട്.
വീടുകളിലായാലും സ്ഥാപനങ്ങളിലായാലും ഫാനുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിലയാണിപ്പോൾ. വെള്ളം കൂടുതലായി ഉപയോഗിക്കുന്നതിനാൽ മോട്ടോറിന്റെ ഉപയോഗം കൂടുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടി. ഇവയെല്ലാം ഉപഭോഗം വർധിക്കാൻ കാരണമായി.
പീക് സമയത്തെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ എ.സിയുടെ താപനില 26 ഡിഗ്രിയിൽ നിർത്തമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. ഭൂരിഭാഗം എ.സികളും അരമണിക്കൂറിൽ മുറി തണുപ്പിക്കും. അതുകൊണ്ട് ടൈമർവെച്ച് ഓഫാക്കുക, മുറിയുടെ ജനലും വാതിലും പൂർണമായും അടച്ചിട്ടുണ്ടെന്നും തണുത്തവായു അൽപം പോലും പുറത്ത് പോകുന്നില്ലെന്നും ഉറപ്പാക്കുക, ആറ് മാസത്തിലൊരിക്കൽ എ.സി ഫിൽറ്ററുകൾ വൃത്തിയാക്കുക തുടങ്ങിയ നിർദേശങ്ങളും ഇവർ നൽകുന്നു. കേടാകുന്ന ട്രാൻസ്ഫോർമർ പള്ളത്തെ യൂനിറ്റിലെത്തിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. വലിയ തകരാർ സംഭവിക്കുന്ന ഇടങ്ങളിൽ സ്പെയർ ട്രാൻസ്ഫോർമർ സ്ഥാപിച്ചാണ് പ്രശ്നത്തിന് പരിഹാരം കാണുന്നത്.
അടുത്തിടെ കുറവിലങ്ങാട് പുതിയ 400 കെ.വി സബ്സ്റ്റേഷൻ ആരംഭിക്കുകയും ഏറ്റുമാനൂരിലെയും കുറവിലങ്ങാട്ടെയും അടക്കം നിരവധി സബ്സ്റ്റേഷനുകളുടെ ശേഷികൂട്ടുകയും ചെയ്തിരുന്നു. ഇത് നിലവിൽ ഗുണകരമായെന്നും ജീവനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.